പച്ചമുളക് നിറച്ച പൂളിൽ പാതിവസ്ത്രം ധരിച്ചുളള കുളി, ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്; അതിശയിപ്പിക്കുന്ന വീഡിയോ

Wednesday 29 October 2025 3:48 PM IST

ബീജിംഗ്: വേറിട്ട നിരവധി ചികിത്സാരീതികൾക്ക് പേരുകേട്ട രാജ്യമാണ് ചൈന. ഇവിടത്തെ പല പരമ്പരാഗത മരുന്നുകളും പരിചരണങ്ങളും കൗതുകമുണർത്തുന്നവയാണ്. ചൈനയിലെ ഹോട്ട്‌പോട്ട് (നീരുറവ) ബാത്തുകൾ അവയിൽ പേരുകേട്ടതാണ്. പോഷകഗുണങ്ങളുളള വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പൂളുകളിലുളള കുളി ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്​റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അത്തരത്തിൽ ഒരു പ്രത്യേക പൂളിൽ ചൈനയിലുളളവർ കുളിക്കുന്ന ദൃശ്യങ്ങളാണ് പലരെയും ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. ഹീലോംഗ്ജിയാംഗ് പ്രവിശ്യയിലെ ഹാർബിനിലുളള ഒരു റിസോർട്ടിൽ നിന്നുളളതാണ് ദൃശ്യങ്ങൾ. ഒരു വൃത്താകൃതിയിലുളള ഹോട്ട്‌പോട്ടിൽ പാതിവസ്ത്രം ധരിച്ച് ആളുകൾ കുളിക്കുന്നു. ഹോട്ട്‌പോട്ടിനെ രണ്ട് വ്യത്യസ്ത ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഒരുഭാഗം വെളളനിറത്തിലും രണ്ടാമത്തെ ഭാഗം ചുവന്ന നിറത്തിലുമാണ്. ചുവന്ന നിറത്തിലുളള ഭാഗത്ത് വെളളത്തിൽ മുളക്. വഴുതന, ക്യാബേജ് എന്നിവ നിറച്ചിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്ത് പാൽ, ഈന്തപ്പഴം, ഗോജി ബെറികൾ. എന്നിവ ചേർത്തുളള സൂപ്പിന്റെ രൂപത്തിലുമാണ്. വീഡിയോയിൽ ഒരാൾ പച്ചനിറത്തിലുളള മുളകും ചുവന്ന നിറത്തിലുളള മുളകും എടുത്ത് രണ്ടായി മുറിക്കുന്നതും കാണാം.

ഈ രീതി ചൈനയിലുളളവർക്കും സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. അതേസമയം. റോസാപ്പുവിന്റെ ഇതളുകൾ വിതറിയതുകൊണ്ടാണ് പൂളിലെ വെള്ളം ചുവന്ന നിറത്തിൽ കാണപ്പെടുന്നതെന്ന് ഒരു ജീവനക്കാരൻ അഭിപ്രായപ്പെട്ടു. മുളക് ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ ക്രമീകരിക്കുമെന്നും രക്തചംക്രമണം വർദ്ധിപ്പിക്കുമെന്നും പാല് ചർമ്മത്തിന് ഈർപ്പം നൽകാൻ സഹായിക്കുമെന്നും ജീവനക്കാരൻ വിശദീകരിച്ചു. ഔദ്യോഗിക വിവരങ്ങളനുസരിച്ച് ഈ പൂളിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ഏകദേശം 160 യുവാൻ നൽകേണ്ടതുണ്ട്. ഹോട്ട്‌പോട്ട് ബാത്തിനോടൊപ്പം ഭക്ഷണവും ലഭ്യമാണ്. പൂളിൽ കുളിക്കുന്നതിന് പ്രായപരിധിയോ സമയപരിധിയോ അല്ല. എന്നിരുന്നാലും 20 മിനിട്ടുവരെയാണ് അനുവദിക്കാറുളളതെന്നും പറയുന്നു.