സൗദിയിലിരുന്ന് ഭാര്യയുമായി വഴക്കിട്ടു; വീഡിയോ കോളിനിടെ പ്രവാസി തൂങ്ങിമരിച്ചു
റിയാദ്: ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് വീഡിയോ കോളിനിടെ പ്രവാസി ജീവനൊടുക്കി. മുസാഫർ നഗർ സ്വദേശിയായ മുഹമ്മദ് അൻസാരിയാണ് (24) സൗദിയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം.
ആറ് മാസം മുമ്പാണ് അൻസാരി സാനിയയെ വിവാഹം കഴിച്ചത്. രണ്ടര മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് അൻസാരി സൗദിയിലെ റിയാദിലെത്തിയത്. ഞായറാഴ്‌ച വൈകിട്ടും പതിവുപോലെ ഇയാൾ വീഡിയോകോൾ ചെയ്‌തു. സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സാനിയ കാണവേ വീഡിയോ കോളിനിടെ അൻസാരി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ഭയന്നുപോയ സാനിയ ഉടൻതന്നെ സൗദിയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അവരെത്തിയപ്പോഴേക്കും അൻസാരി മരിച്ചിരുന്നു.
അൻസാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുവായ അംജദ് അലി പറഞ്ഞു. നിയമപരമായ തടസങ്ങൾ നീങ്ങുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.