 ഐ ബൈ ഇൻഫോ പാർക്ക് മെട്രോ സ്റ്റേഷനിൽ ഐ.ടി ഇടവും സജ്ജം  600 പേർക്ക് തൊഴിൽ

Thursday 30 October 2025 12:26 AM IST

കൊച്ചി: ഐ.ടി പാർക്കുകൾക്ക് പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെ കോ വർക്കിംഗ് സ്‌പേസ് തുറന്ന് ഇൻഫോപാർക്ക്. ബഹുവിധ ഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന ദക്ഷിണേന്ത്യയിലെ തന്നെ മാതൃകയായ 'ഐ ബൈ ഇൻഫോപാർക്ക്" കേരളത്തിലെ ആദ്യത്തെ ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദ കേന്ദ്രം കൂടിയാണ്. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ ആരംഭിച്ച മാതൃക പ്രമുഖ നഗരങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കും.

ജീവനക്കാർക്ക് എളുപ്പത്തിലെത്താനും മടങ്ങാനും കഴിയുന്ന സ്ഥലങ്ങളിൽ ജോലിസ്ഥലം ഒരുക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വലായി ഉദ്ഘാടനം നിർവഹിച്ചു. മെട്രോ സ്റ്റേഷൻ, റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയുടെ സാമിപ്യമാണ് മികവ്. ഗതാഗതക്കുരുക്കിൽപ്പെടാതെ ജീവനക്കാർക്ക് ജോലിസ്ഥലത്തെത്താം. 600 പേർക്ക് തൊഴിലവസരം ലഭിക്കും. മെട്രോ സ്റ്റേഷനിൽ നിന്ന് ഐ ബൈ ഇൻഫോർക്കിലേക്ക് നേരിട്ട് പ്രവേശിക്കാം.

മെട്രോ സ്റ്റേഷനിലെ ആദ്യ ഐ.ടി സംരംഭം

1. സ്റ്റേഷന്റെ മൂന്ന് മുതൽ ഒമ്പത് വരെ ഏഴ് നിലകൾ

2. ഓരോ നിലയ്ക്കും 6,530 ചതുരശ്ര അടി വിസ്തീർണം

3. ആകെ 48,000 ചതുരശ്ര അടി വിസ്തീർണം

4. 580 വർക്ക്‌ സ്‌റ്റേഷനുകൾ സജ്ജമായി

സൗകര്യങ്ങൾ

പ്ലഗ് ആൻഡ് പ്ലേ ഫർണിഷ്ഡ് ഓഫീസുകൾ

വർക്ക് സ്റ്റേഷനുകൾ

ഇവന്റ് സ്‌പേസുകൾ

പരിശീലന മുറികൾ

മീറ്റിംഗ് റൂമുകൾ

കോൺഫറൻസ് റൂം

ലോഞ്ച്

ചർച്ചകൾക്ക് പ്രദേശം

ഫോൺ ബൂത്ത്

ഭക്ഷണസൗകര്യം.

ന്യൂറോഡൈവേഴ്‌സിറ്റി സൗഹൃദം

ഓരോ നിലകളും ഓട്ടിസം, സ്‌പെക്ട്രം ഡിസോർഡർ, എ.ഡി.എച്ച്.ഡി, ഡിസ്‌ലെക്‌സിയ തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികളെ സഹായിക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്തതാണ്. മൂന്നാം നിലയിൽ 'കാഴ്ച'യെ കേന്ദ്രീകരിച്ച് പ്രത്യേക വാൾപേപ്പറുകളും ടൈലുകളും ഉപയോഗിക്കുന്നു. നാലാം നില 'രുചിയെ അടിസ്ഥാനമാക്കിയാണ്. അഞ്ചാം നില 'ഗന്ധത്തെ അടിസ്ഥാനമാക്കിയും. ആറാം നില 'സ്പർശവും ഏഴ്, എട്ട്, ഒമ്പത് നിലകൾ 'കേൾവി'യെ അടിസ്ഥാനമാക്കിയുമാണ്.

ആദ്യ കമ്പനി സോഹോ

സോഹോ കോർപ്പറേഷനാണ് ഐ ബൈ ഇൻഫോപാർക്കിൽ ആദ്യം പ്രവർത്തനം തുടങ്ങുന്നത്. ചെന്നൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഐ.ടി കമ്പനിയാണ് സോഹോ. സോഹോ കോർപ്പറേഷൻ സഹ സ്ഥാപകൻ ടോണി തോമസിന് മുഖ്യമന്ത്രി അനുമതിപത്രം കൈമാറി.

ഫ്രീലാൻസ്, ഗിഗ് വർക്ക്‌സ്, ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് രൂപകല്പന.