നെടുമ്പാശേരി റെയിൽവേ സ്റ്റേഷന് അനുമതിയായി
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് കേന്ദ്ര റെയിൽവേ ബോർഡ് അനുമതി നൽകി.
സംസ്ഥാനത്തിന്റെ തെക്കും വടക്കും പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് വിമാനത്താവളത്തിൽ എത്താനും മടങ്ങാനും കഴിയുന്നതാണ് പുതിയ റെയിൽവേ സ്റ്റേഷൻ. നിലവിൽ അങ്കമാലിയിലോ ആലുവയിലോ ഇറങ്ങിവേണം എത്താൻ. വിമാനത്താവളത്തിന് സമീപത്തുകൂടിയാണ് റെയിൽപ്പാത കടന്നുപോകുന്നത്.
സ്റ്റേഷൻ നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. കഴിഞ്ഞ വർഷം വിൻഡോട്രെയിലിംഗ് പരിശോധന നടത്തിയപ്പോൾ റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. റെയിൽവേ മന്ത്രിക്കൊപ്പം ജോർജ് കുര്യനും ഇൻസ്‌പെക്ഷനിൽ പങ്കെടുത്തിരുന്നു.
വിമാനയാത്രക്കാർക്ക് സൗകര്യപ്രദമായ റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു.
പദ്ധതി ഗുണകരമാകും 1. കാർഗോ കോംപ്ലക്‌സിന് സമീപമാണ് റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. 2. അങ്കമാലിയിൽ ആരംഭിക്കുന്ന നിർദിഷ്ട ശബരി റെയിൽ പാത പൂർത്തിയായാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട മേഖലകളിലെ വിമാനയാത്രക്കാർക്കും ഇത് ഗുണകരമാകും. 3. മെട്രോ: മെട്രോ റെയിൽ വിമാനത്താവളത്തിലേക്ക് നീട്ടാനും പദ്ധതിയുണ്ട്. മെട്രോയും വിമാനത്താവളത്തിലെത്തിയാൽ സുഗമമായ യാത്രക്ക് വിവിധ മാർഗങ്ങളാകും.