അടുത്തിടെ ബ്രേക്കപ്പായി, കുറച്ച് ദിവസത്തേക്ക് അവധി വേണം; വ്യത്യസ്തമായി ജീവനക്കാരന്റെ അവധി അപേക്ഷ

Wednesday 29 October 2025 5:31 PM IST

ഗുരുഗ്രാം: തന്റെ കമ്പനി ജീവനക്കാരന്റെ വ്യത്യസ്തമായ അവധി അപേക്ഷ പങ്കുവച്ച സിഇഒയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായി. ജീവനക്കാരന്റെ സത്യസന്ധമായ അവധിഅപേക്ഷ നോട്ട് ഡേറ്റിംഗിന്റെ സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീർ സിംഗാണ് എക്സിൽ പോസ്റ്റ് ചെയ്തത്. പനിയും ചുമയുമൊന്നുമല്ല ഈ ജീവനക്കാരന്റെ അവധിക്കുള്ള കാരണം.

'അടുത്തിടെ തന്റെ പ്രണയബന്ധം തകർന്നു. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. 28 മുതൽ 8 വരെ തനിക്ക് അവധി വേണം. ഒരു ചെറിയ ഇടവേളക്കായാണ് അവധി' എന്നായിരുന്നു ജീവനക്കാരന്റെ അവധി അപേക്ഷയിൽ ഉണ്ടായിരുന്നത്. ഏറ്റവും സത്യസന്ധമായ ലീവ് അപേക്ഷയാണ് ഇതെന്ന കുറിപ്പോടെയാണ് ജസ്‌വീർ സിംഗ് മെയിലിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചിട്ടുള്ളത്. ജെൻസികൾക്ക് മറയില്ലെന്നും ജസ്‌വീർ സിംഗ് പറയുന്നു. നിമിഷനേരം കൊണ്ടുതന്നെ പോസ്റ്റ് വൈറലാവുകയും ഒരുപാടു പേർ ഒരുമിച്ച് കമന്റുകളുമായി എത്തുകയും ചെയ്തു.

പുതിയ തലമുറയിലെ പ്രൊഫഷണലുകൾ ജോലിസ്ഥലത്ത് പോലും അവരുടെ മാനസികാരോഗ്യത്തെയും വൈകാരിക ക്ഷേമത്തെയും കുറിച്ച് സംസാരിക്കുന്നതിൽ യാതൊരു മടിയും കാണിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. അതേസമയം, ജീവനക്കാരന്റെ സത്യസന്ധതയിൽ ഉടൻ തന്നെ സിഇഒ ജീവനക്കാരന് അവധി നൽകി. ഇതിനെയും നെറ്റിസൺസ് പ്രശംസിക്കുന്നുണ്ട്. ഇത്തരം പ്രവർത്തികൾ മേലധികാരികൾക്ക് മാതൃകയാണെന്നും മറ്റുള്ളവര്‍ക്ക് ഈ ധാരണയുണ്ടായിരുന്നെങ്കിൽ മാനസികാരോഗ്യ അവധികൾ സാധാരണ നിലയിലാകുമെന്നാണ് കമന്റുകൾ.