സൊമാറ്റോയിൽ ഓർഡർ ചെയ്‌ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്തിയില്ല; ഡെലിവറി ഏജന്റിനെ വിളിച്ചപ്പോൾ സംഭവിച്ചത്

Wednesday 29 October 2025 8:04 PM IST

ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെ ഡെലിവറി ഏജന്റിന് അപകടമുണ്ടായ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് യുവതി. ഓൺലൈനിൽ നിന്ന് താൻ പഠിച്ച പാഠം എന്ന നിലയിലാണ് ആയുഷി ദോഷി എന്ന യുവതി എക്‌സിൽ പോസ‌്റ്റ് പങ്കു വച്ചത്. സൊമാറ്റോ വഴിയാണ് ആയുഷി മക്ഡൊണാൾഡ്സിൽ നിന്നും ബർഗർ ഓർഡർ ചെയ്‌തത്. എന്നാൽ ഓർഡർ എത്താൻ പ്രതീക്ഷിച്ചതിലും വൈകിയപ്പോൾ ഡെലിവറി ഏജന്റായ രോഹിത് കുമാറിനെ പലതവണ വിളിച്ചതായി യുവതി പോസ്‌റ്റിൽ പറയുന്നു.

തുടർന്ന് കമ്പനിയുടെ കസ്‌റ്റമർ കെയറിൽ വിളിച്ചപ്പോഴാണ് ഡെലിവറി ചെയ്യേണ്ട രോഹിത് കുമാർ അപകടത്തിൽപ്പെട്ടതായും തുടർന്ന് പാഴ്സൽ മോഷ്ടിക്കപ്പെട്ടതായും അറിഞ്ഞതെന്ന് യുവതി പറയുന്നു. സംഭവം തന്നെ മാനസികമായി ബാധിച്ചെന്ന് യുവതി തുറന്നു പറഞ്ഞു.

'എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ അത് എന്നെ വല്ലാതെ ബാധിച്ചു. ബർഗർ വൈകിയപ്പോൾ എനിക്ക് ദേഷ്യം വന്നു, എന്നാൽ അവിടെ ഒരാൾ ശരിക്കും വേദനിക്കുകയായിരുന്നു. ഓരോ ഡെലിവറി അറിയിപ്പിനു പിന്നിലും, ഉപജീവനത്തിനായി കഷ്ടപ്പെടുന്ന ഒരു മനുഷ്യനുണ്ടെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു," ആയുഷി എഴുതി. കസ്‌റ്റമർകെയറുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും ആയുഷി പങ്കുവച്ചു. ഓർഡർ കാൻസലായതിൽ കമ്പനി ക്ഷമ ചോദിച്ചതിനൊപ്പം 463 രൂപ പൂർണമായും തിരികെ ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഡെലിവറി ഏജന്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് സംഭവം വിരൽ ചൂണ്ടുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്‌തു. പലരും സമാന അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തി.