ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലില്‍; ജയം 125 റണ്‍സിന്
ഗുവാഹത്തി: മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍. 125 റണ്‍സിന്റെ ആധികാരിക ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 320 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മറുപടി 42.3 ഓവറില്‍ 194 റണ്‍സില്‍ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ - ഇന്ത്യ രണ്ടാം സെമി ഫൈനലിലെ വിജയികളെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടും. ഞായറാഴ്ച നവി മുംബയിലാണ് കലാശപ്പോര്. ഇതാദ്യമായിട്ടാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ടീം പ്രവേശിക്കുന്നത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ആമി ജോണ്‍സ്, ടാമി ബ്യൂമോണ്ട്, മൂന്നാമതെത്തിയ ഹീഥര്‍ നൈറ്റ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ഒരു റണ്‍സ് മാത്രമായിരുന്നു ഈ സമയത്തെ സ്‌കോര്‍. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് 64(76), അലീസ് ക്യാപ്‌സെ 50(71) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയത് പ്രതീക്ഷ നല്‍കി. 107 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ഈ സഖ്യം പിരിഞ്ഞതോടെ ദക്ഷിണാഫ്രിക്ക പിടിമുറുക്കി.
പിന്നീട് വന്നവരില്‍ ഡാനിയെല വയറ്റ് 34(31) മാത്രമാണ് ചെറുത്ത് നിന്നത്. പത്താമതായി ബാറ്റ് ചെയ്യാനെത്തിയ ലിന്‍സെ സ്മിത്ത് 27(36) റണ്‍സ് നേടിയെങ്കിലും അപ്പോഴേക്കും ജയം അകന്നുപോയിരുന്നു. സോഫിയ ഡംഗ്ലെ 2(10), ഷാര്‍ലെറ്റ് ഡീന്‍ 0(1), സോഫി എക്കിള്‍സ്റ്റണ്‍ 2(12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍ ലോറന്‍ ബെല്‍ 9*(12) പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മാരിസൈന്‍ ക്യാപ് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
നദീന്‍ ഡി ക്ലെര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അയബോംഗ ഖാക, ഓന്‍കുലുലേകും ലാബ, സുന്‍ ലൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറി 169 (143) മികവില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് പടുത്തുയര്‍ത്തിയത് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ്. 20 ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായികയുടെ ഇന്നിംഗ്സ്.
ക്യാപ്റ്റന് ഒപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത തസ്മിന്‍ ബ്രിറ്റ്സ് 45(65) റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ വന്ന അനേക ബോഷ് 0(3), സുന്‍ ലൂസ് 1(6) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ഒരുവശത്ത് ലോറ വോള്‍വാര്‍ട്ട് തകര്‍ത്തടിച്ചു. മാറിസൈന്‍ ക്യാപ് 42(33) റണ്‍സ് നേടി മദ്ധ്യ ഓവറുകളില്‍ ലോറയ്ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ സ്‌കോറിംഗ് മുന്നോട്ടുകൊണ്ടുപോയി.
വിക്കറ്റ് കീപ്പര്‍ സിനോലോ ജാഫ്ത 1(4), അനെറി ഡെര്‍ക്സെന്‍ 4(14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ക്ലോയി ട്രയോണ്‍ 33*(26), നദീന്‍ ഡി ക്ലെര്‍ക്ക് 11*(6) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്കിള്‍സ്റ്റണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ലോറന്‍ ബെല്ലിന് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റ് വീഴ്ത്തി.