കടലിൽ നിന്ന് ക്രെയിനിൽ പൊക്കിയെടുത്തത് ആഡംബര കാർ; വീഡിയോയ്ക്ക് പിന്നിൽ
സൂറത്ത്: റീൽസ് ചിത്രീകരണത്തിനായി കടലിലിറക്കിയ ആഡംബര കാർ മണലിൽ താഴ്ന്നു. ചുവന്ന മെഴ്സിഡസ് സെഡാനാണ് മണലിൽ താഴ്ന്ന് കടൽവെള്ളം കയറിയത്. ക്രെയിനെത്തി കാർ പൊക്കിയെടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
സൂറത്തിലെ ദൂമസ് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള മേഖലയിലാണ് റീൽസ് ചിത്രീകരണത്തിനായി കാർ ഇറക്കിയത്. മെഴ്‌സിഡസ് കാർ ബീച്ചിലേക്ക് ഓടിച്ചുകയറ്റുന്നത് ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം വാട്ടർലൈനിനടുത്തുള്ള മൃദുവായ മണലിൽ താഴ്ന്നത്. തുടർന്ന് സൂറത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ദൂമസ് ബീച്ചിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് (ആർടിഒ) നിർദ്ദേശം നൽകും. സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ക്ലെയിമുകൾ വാഹനത്തിന് നൽകുന്നത് ഒഴിവാക്കുമെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ദീപ് വകിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് വാഹനവുമായി എത്തിയവർക്കെതിരെ ഉയരുന്നത്. ഈ വർഷം സൂറത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മെഴ്‌സിഡസ് എസ്‌യുവി നിയമങ്ങൾ ലംഘിച്ച് കടലിലേക്ക് ഓടിക്കുകയും തീരത്തെ ചെളിയിൽ വാഹനം കുടുങ്ങുകയും ചെയ്തിരുന്നു.