കേരള ബാങ്ക് രൂപീകരണ ലക്ഷ്യം പൂർത്തിയാക്കി: മന്ത്രി വി.എൻ.വാസവൻ
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ രൂപീകരിച്ച കേരള ബാങ്ക് ലക്ഷ്യം പൂർത്തിയാക്കുന്ന തരത്തിൽ വളർച്ച നേടിയെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
23000 കോടിയോളം രൂപയുടെ ബിസിനസ്സാണ് 5 വർഷം കൊണ്ട് കേരളബാങ്ക് നടത്തിയത്. 2019-20 ൽ 101194.41 കോടി രൂപയായിരുന്ന ബാങ്കിന്റെ ബിസിനസ് ഇപ്പോൾ 124000 കോടി രൂപയായി . 2024 സെപ്തംബർ മുതൽ 2025 സെപബർ വരെ 7900 കോടി രൂപ വർദ്ധിച്ചു. 61037 കോടി രൂപയായിരുന്ന ബാങ്കിന്റെ നിക്ഷേപം നിലവിൽ 71877 കോടി രൂപയായി വർദ്ധിച്ചു. 2024 സെപ്തംബർ മുതൽ 2025 സെപ്തംബർ വരെ നിക്ഷേപത്തിൽ 5543 കോടി രൂപയുടെ വർദ്ധനവാണ് വന്നത്. പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞു. നിലവിൽ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ്. ഐ.ടി.പരിഷ്ക്കരണങ്ങളും ആധുനിക ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കാൻ കേരളബാങ്കിനായി.ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനമായെന്നും സുതാര്യമായ രീതിയിൽ നടപടികൾ പൂർത്തിയാക്കി പുതിയ ഭരണ സമിതി ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.
പത്ര സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി. എം. ചാക്കോ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതി വിജയകരമായ 5 വർഷം ഈ നവംബർ മാസം പൂർത്തിയാക്കുന്നതോടനുബന്ധിച്ച് കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അനാച്ഛാദനവും ബാങ്ക് ഹെഡ് ഓഫീസിൽ ബഹു. മന്ത്രി നിർവ്വഹിച്ചു.