കേരളകൗമുദി രജതോത്സവം ഇന്ന് തൊടുപുഴയിൽ

Thursday 30 October 2025 12:30 AM IST

തൊടുപുഴ: ഒരു നൂറ്റാണ്ടിലേറെയായി മലയാളിക്ക് അക്ഷര പുണ്യമേകിയ കേരളകൗമുദി ദിനപത്രം കോട്ടയം എഡിഷൻ ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയായതിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാതല ആഘോഷം 'രജതോത്സവം" ഇന്ന്. തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ നടക്കുന്ന പരിപാടി വൈകിട്ട് 3.30ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രസംഗം നടത്തും. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ, സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീതാ വിശ്വനാഥൻ എന്നിവർ ആശംസകളർപ്പിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്വാഗതം പറയും. നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിട്ട പി.ജെ.ജോസഫ് എം.എൽ.എയ്ക്ക് കേരളകൗമുദിയുടെ ഉപഹാരം ഗവർണർ നൽകും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.