ശാസ്ത്രമേള സമാപിച്ചു വീണ്ടും കിരീടം ചൂടി കോഴിക്കോട് സിറ്റി
കോഴിക്കോട്: പുത്തൻ കണ്ടുപിടിത്തങ്ങളും അറിവുകളും ഇടകലർന്ന 67-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങുമ്പോൾ ശാസ്ത്രകിരീടം കോഴിക്കോട് സിറ്റിയുടെ കെെകളിൽ ഭദ്രം. അഞ്ച് മേളകളിലുമായി 1,272 പോയിന്റ് നേടിയാണ് വിജയത്തുടർച്ച സിറ്റി നിലനിറുത്തിയത്. കഴിഞ്ഞ തവണ 1,091 പോയിന്റ് നേടിയായിരുന്നു സിറ്റിയുടെ വിജയം. 1,203 പോയിന്റ് നേടിയ മുക്കം ഉപജില്ല രണ്ടാമതെത്തി. 1162 പോയിന്റോടെ കുന്നുമ്മൽ ഉപജില്ലയും തോടന്നൂർ ഉപജില്ലയും മൂന്നാം സ്ഥാനം പങ്കിട്ടു. സ്കൂളുകളിൽ 415 പോയിന്റോടെ മേമുണ്ട എച്ച്.എസ്.എസ് ഒന്നാമതാണ്. 368 പോയിന്റ് നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസ് രണ്ടാമതും 326 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ് പയ്യോളി മൂന്നാമതുമാണ്. സമാപനസമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ആർ.കെ മിഷൻ എച്ച്.എസ്.എസ് മാനേജർ സ്വാമി നരസിംഹാനന്ദ അദ്ധ്യക്ഷത വഹിച്ചു.
മികച്ച ഉപജില്ല...............കോഴിക്കോട് സിറ്റി (1272)
മികച്ച സ്കൂൾ.................മേമുണ്ട എച്ച്.എസ്.എസ് (415)
സയൻസ് മേള -
മികച്ച ഉപജില്ല
1.തോടന്നൂർ (159)
2.കുന്നുമ്മൽ (149)
മികച്ച സ്ക്കൂൾ
1.മേമുണ്ട എച്ച്.എസ്.എസ് (74)
2.സിൽവർ ഹിൽസ് എച്ച്. എസ്. എസ് (63)
ഗണിതമേള -
മികച്ച ഉപജില്ല
1.കോഴിക്കോട് സിറ്റി (277)
2.തോടന്നൂർ (253)
മികച്ച സ്ക്കൂൾ
1. ചക്കാലക്കൽ എച്ച്.എസ്.എസ്.മടവൂർ (107)
2. സിൽവർ ഹിൽസ് എച്ച്. എസ്. എസ് (100)
സാമൂഹ്യശാസ്ത്രമേള -
മികച്ച ഉപജില്ല
1. മേലടി (142)
2. വടകര (134)
മികച്ച സ്ക്കൂൾ
1.മേമുണ്ട എച്ച്.എസ്.എസ് (67)
2.ജി.വി. എച്ച്. എസ്. എസ് പയ്യോളി (54)
പ്രവൃത്തിപരിചയമേള -
മികച്ച ഉപജില്ല
1. മുക്കം (646)
2.കോഴിക്കോട് സിറ്റി (641)
മികച്ച സ്ക്കൂൾ
1.നാഷണൽ എച്ച്.എസ്.എസ് വട്ടോളി (177)
2.കെ.കെ.എം.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി (158)
ഐടി മേള -
മികച്ച ഉപജില്ല
1.കോഴിക്കോട് സിറ്റി (111)
2. വടകര (100)
മികച്ച സ്ക്കൂൾ
1. സാവിയോ എച്ച്.എസ്.എസ് ദേവഗിരി (40)
2.ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി (40)
'പോഷകത്തിൽ' വില്ലനായി മണ്ണെണ്ണ
കോഴിക്കോട്: ഹെെസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേളയിൽ ന്യൂട്രീഷ്യസ് ഫുഡ് തയ്യാറാക്കൽ വിഭാഗത്തിൽ മത്സരാർത്ഥികളെ വലച്ചത് മണ്ണെണ്ണ. ഭക്ഷണം പാകം ചെയ്യാൻ മണ്ണെണ്ണ തിരി സ്റ്റൗ ഉപയോഗിക്കണമെന്ന കടുംപിടുത്തമാണ് വിദ്യാർത്ഥിക ളെ ചുറ്റിച്ചത്. റേഷൻ കടകളിൽ മണ്ണെണ്ണ ആവശ്യത്തിനില്ലാത്തതിനാൽ പലരും കരിഞ്ചന്തയിൽ സംഘടിപ്പിച്ചാണ് മത്സരത്തിനെത്തിയത്. വിഭവങ്ങളുണ്ടാക്കാൻ രണ്ടര ലിറ്റർ മണ്ണെണ്ണ വരെ ആവശ്യമാണ്. മണ്ണെണ്ണയും സ്റ്രൗവും കിട്ടാത്തതിനാൽ മത്സരങ്ങൾക്ക് വരാത്ത വിദ്യാർത്ഥികളുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു. മത്സരവേദിയിൽ ഭക്ഷണത്തിന്റെ ആസ്വാദ്യകരമായ ഗന്ധത്തിന് പകരം മണ്ണെണ്ണയുടെ രൂക്ഷ ഗന്ധമാണ് പരന്നതാണ്. ഇത് വിദ്യാർത്ഥികളിൽ പലർക്കും അസ്വസ്ഥതയുമുണ്ടാക്കി. ഭക്ഷണം പാകം ചെയ്യാനായി മറ്റു സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യം.
നാട്ടിലിറങ്ങും കൊമ്പനെ തുരത്താൻ ഇ - കൊമ്പൻ
കോഴിക്കോട്: നാട്ടിലിറങ്ങുന്ന കൊമ്പനേയും പുലിയേയും തുരത്താൻ 'ഇ കൊമ്പനെ അവതരിപ്പിച്ചിരിക്കുകയാണ് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.കെ മുക്തയും ഉണ്ണിമായ വിനോദും. ഹയർസെക്കൻഡറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിലെ വർക്കിംഗ് മോഡലിലാണ് എ.ഐ ക്യാമറയും ട്രാക്കിംഗ് റോവറും ഉപയോഗിച്ച് വന്യമൃഗങ്ങളെ തുരത്താനുള്ള വിദ്യ അവതരിപ്പിച്ചത്. കാട്ടിനുള്ളിലെ എ.ഐ ക്യാമറ വന്യമൃഗങ്ങളെ മൃഗങ്ങളെ കണ്ടെത്തുകയും അവയുടെ ചലനങ്ങൾ മനസിലാക്കി കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥന് വിവരം കെെമാറും. ശേഷം കാട്ടിൽ സ്ഥാപിച്ച ട്രാക്കിംഗ് റോവർ കൺട്രോൾ റൂമിലിരുന്ന് തന്നെ ഉദ്യോഗസ്ഥൻ പ്രവർത്തിപ്പിക്കുകയും മൃഗത്തെ തടയാൻ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. കാട്ടിനകത്ത് അനധികൃതമായി മരം മുറിക്കുന്ന സംഘത്തെ കണ്ടെത്താനും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം മുൻകൂട്ടി അറിയാൻ സാധിക്കും. പത്തേക്കർ വരെ വിസ്തൃതിയുള്ള കാട്ടിൽ ഇത്തരം സംവിധാനത്തിലൂടെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം അറിയാം.
ഈ ട്രെഡ്മിൽ രണ്ടുണ്ട് കാര്യം
കോഴിക്കോട്: വെെദ്യുതി ഇല്ലെങ്കിലും ഈ ട്രെഡ്മിൽ പ്രവർത്തിക്കും ഒപ്പം വെെദ്യുതി ഉണ്ടാക്കുകയും ചെയ്യും തലക്കുളത്തൂർ സി.എം.എം എച്ച്.എസ്.എസിലെ സച്ചിൻ ശ്രീജിത്തും കെ.പി തേജസുമാണ് ആരോഗ്യസംരക്ഷണവും ഊർജസംരക്ഷണും മുന്നിൽ കണ്ട് കിടിലൻ വ്യായാമ ഉപകരണം അവതരിപ്പിച്ചത്. എച്ച്.എസ്.എസ് വിഭാഗം വർക്കിംഗ് മോഡലിലാണ് ഇവരുടെ പ്രകടനം.റൂമിലെ വെെദ്യുതി പോയാലും ട്രെഡ്മിൽ നിന്നുത്പാദിപ്പിക്കുന്ന വെെദ്യുതി ഉപയോഗിച്ച് ലൈറ്റ് തെളിക്കാനും മൊബൈൽ ചാർജ് ചെയ്യാനും സാധിക്കും. റോളറുകൾ നിരനിരയായി അടുക്കിവെച്ച് പ്രവർത്തിക്കുന്ന ട്രെഡ്മില്ലിൽ നടക്കുമ്പോൾ ഡയനാമോ പ്രവർത്തിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കപ്പെടും. ഇത് ട്രെഡ്മില്ലിൽ സജ്ജീകരിച്ച ബാറ്ററികളിൽ ശേഖരിക്കും. ബാറ്ററി ഉപയോഗിച്ച് ബൾബ് പ്രകാശിപ്പിക്കാം. ബാറ്ററിയിൽ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ചാർജിംഗ് പോയിന്റിൽ നിന്ന് മൊബൈൽ ചാർജ് ചെയ്യുകയും ചെയ്യാം.
സി.പി.ആർ നൽകാം ഓട്ടോമാറ്റിക്കായി
കോഴിക്കോട്: ഹൃദയസ്തംഭനം നിലച്ച ഒരാളെ സി.പി.ആർ. (കാർഡിയോ പൾമനറി റെസസിറ്റേഷൻ) നൽകാൻ വെെകുന്നത് മൂലം മരണത്തിലേക്ക് തള്ളിവിടുന്ന ഒരവസ്ഥ ഇനിയുണ്ടാകില്ല. കൃത്യസമയത്ത് സി.പി.ആർ നൽകി ജീവൻ രക്ഷിക്കാനുള്ള ഉപകരണവുമായാണ് ഹയർസെക്കൻഡറി വിഭാഗം വർക്കിംഗ് മോഡലിൽ മുഹമ്മദ് ഹന്ദനും ആമിലുമെത്തിയത്. 'ഓട്ടോമാറ്റിക് സി.പി.ആർ സേവിംഗ് ലെെഫ് വിത്ത് ടെക്നോളജി' എന്നാണ് കണ്ടുപിടിത്തത്തിന് ഇരുവരും പേരിട്ടത്. ബോധരഹിതമായ ഒരാളുടെ നെഞ്ചിന് മുകളിലായി മെഷീൻ വെക്കുമ്പോൾ ന്യൂമാറ്റിക് സിലിണ്ടറെന്ന മെഷീൻ മാറെല്ല് ശക്തിയായി ഒരേ താളത്തിൽ താഴേക്ക് തള്ളും. നെഞ്ചിൽ സമ്മർദ്ദമേൽപ്പിച്ച് കഴിഞ്ഞാൽ രോഗിയുടെ വായിൽ ഘടിപ്പിക്കുന്ന ഓക്സിജൻ മാസ്കിലൂടെ കൃത്രിമശ്വാസോച്ഛ്വാസവുമെത്തും. പിന്നീട് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാം. നെഞ്ചിൽ എത്ര തവണ സമ്മർദ്ദം നൽകിയെന്നുള്ള വിവരം എൽ.ഇ.ഡി ഡിസ്പ്ളേയിൽ തെളിയുന്നതിനാൽ ഡോക്ടർമാർക്ക് എളുപ്പത്തിൽ മനസിലാക്കാനും തുടർ ചികിത്സ ഉറപ്പിക്കാനും സാധിക്കും. ശരീരത്തിലെ താപനിലയും പൾസും മെഷീൻ മോണിറ്റർ ചെയ്യും. സ്കൂളുകളിലും കോളേജുകളിലും ആംബുലൻസുകളിലുമെല്ലാം മെഷീൻ ഉപയോഗിക്കാമെന്നും ബി.ടി.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഇരുവരും ഉറപ്പ് നൽകുന്നു.