ആഗോള അനിശ്ചിതത്വത്തിനിടയിലും ലോഹങ്ങളുടെ വിലയിൽ കുതിപ്പ്
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രധാന ആഗോള ഉത്പന്ന വിപണികളിൽ ചെമ്പ്, അലുമിനിയം, സിങ്ക് എന്നീ അടിസ്ഥാന ലോഹങ്ങളുടെ വില വർദ്ധിക്കുകയാണ്. ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിൽ ചെമ്പിന്റെ വില 10,000 ഡോളർ കടന്നു. മുംബയ് കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും വില റെക്കാഡുയരത്തിനടുത്താണ്. കിലോയ്ക്ക് 264 രൂപ കടന്ന അലുമിനിയം വില ഇന്ത്യയിൽ മൂന്നു വർഷത്തെ ഏറ്റവും കൂടിയ നിലയിലാണ്. സിങ്കിന് വിദേശ നാടുകളിലും ഇന്ത്യയിലും പല മാസങ്ങളിലെ ഏറ്റവും കൂടിയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന ലോഹ വില ഹ്രസ്വകാല പരിധിയിൽ തിരുത്തലിനു വിധേയമാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കുതിപ്പു നില നിൽക്കാൻ തന്നെയാണ് സാദ്ധ്യത.
ഉത്പാദനം കുറഞ്ഞു, ഡിമാൻഡ് കൂടി
കൃത്രിമമല്ല അടിസ്ഥാന ലോഹങ്ങളുടെ വിലയിലുണ്ടായ കുതിപ്പ്. ഉത്പാദന തടസങ്ങൾ, ഡിമാൻഡിലെ വർദ്ധന, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, നയപരമായ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ പരിണത ഫലമാണ് വിലയിലെ വർദ്ധന. വർദ്ധിക്കുന്ന ഡിമാൻഡിനും ഉത്പാദനത്തിലെ തടസങ്ങൾക്കുമിടയിൽ ചാഞ്ചാടുകയാണ് ആഗോള ലോഹ വിപണി. ഉത്പാദനത്തേക്കാൾ അധികമാണ് ചെമ്പിന്റെ ഡിമാൻഡ്. സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് അന്യായ തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ നയം പ്രധാന വ്യാപാര കൂട്ടാളികളിൽ പ്രതികാര മനോഭാവം സൃഷ്ടിച്ചിട്ടുണ്ട്.
ഉത്പാദന തടസങ്ങൾ
പ്രധാന ഖനികളിലെ തടസങ്ങൾ ചെമ്പിന്റെ ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചിലിയിലെ എൽ ടെനിയെന്റെ ഖനിയിലുണ്ടായ അപകടം, പെറുവിലെ പ്രതിഷേധങ്ങൾ, ഇന്തോനേഷ്യയിലെ ഗ്രാസ്‌ബെർഗ് ഖനിയിലെ മണ്ണിടിച്ചിൽ എന്നിവയെല്ലാം ചേർന്ന് ആഗോള ഉത്പാദനത്തിൽ ആയിരക്കണക്കിന് ടണ്ണുകളുടെ കുറവ് സൃഷ്ടിച്ചു.
ഡിമാൻഡിലെ വർദ്ധന
അടിസ്ഥാന സൗകര്യങ്ങളും ഹരിതോർജ്ജ ഡിമാൻഡും ആഗോള തലത്തിൽ അടിസ്ഥാന വികസന പദ്ധതികൾക്കായുള്ള ചെലവഴിക്കലും പുനരുപയോഗിക്കാവുന്ന ഊർജ്ജ മേഖലയിലേക്കുള്ള മാറ്റവും ചെമ്പ്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ ഡിമാൻഡ് കൂട്ടി. വൈദ്യുതിവത്കരണത്തിന് അനിവാര്യമായ ചെമ്പ് വൈദ്യുത വാഹനങ്ങളിലും സോളാർ പാനലുകളിലും ഗ്രിഡ് ഉയർത്തുന്ന പദ്ധതികളിലും കാര്യമായി ഉപയോഗിക്കുന്നതിനാൽ ഡിമാൻഡ് കൂടുതലാണ്.
ശക്തിക്ഷയം നേരിടുന്ന യു.എസ് ഡോളർ
ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ അവയിൽ വ്യാപാരം നടത്തുന്ന വിദേശ ഇടപാടുകാർക്ക് ചിലവ് കുറയുന്നത് ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. ചെമ്പിനും അലൂമിനിയത്തിനും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.
നിക്ഷേപക താൽപര്യം
വിലക്കയറ്റ സമ്മർദ്ദത്തിൽ നിന്നും സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്നും രക്ഷ നേടുന്നതിന് നിക്ഷേപകർ ഇത്തരം ഉത്പന്നങ്ങളെ ആശ്രയിക്കുമ്പോൾ വില വർദ്ധിക്കാനിടയാക്കുന്നു.
ആഗോള സംഘർഷങ്ങളും പ്രത്യാഘാതവും
കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങളും അലുമിനിയം ഉത്പാദകരിൽ മുമ്പന്മാരായ റഷ്യക്കെതിരായ ഉപരോധവും ചെമ്പുത്പാദിപ്പിക്കുന്ന ആഫ്രിക്കൻ നാടുകളിലെ പ്രശ്‌നങ്ങളും ഉൽപാദന,വിതരണ ശൃംഖലകളെ ബാധിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങൾ കപ്പൽ പാതകളെ ബാധിക്കുന്നു. സഞ്ചാര ദൈർഘ്യം കൂടുന്നത് ലോഹക്കടത്തിന്റെ ചെലവു വർദ്ധിക്കാനിടയാക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നയങ്ങൾ പ്രശ്‌നം സങ്കീർണ്ണമാക്കിയിട്ടുണ്ട്.
ഹരീഷ് വി (ഹെഡ് ഓഫ് കമ്മോഡിറ്റി, ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്)