അമേരിക്കൻ ചുങ്കം: കുരുമുളക് കയറ്റുമതിക്ക് പ്രതിസന്ധി
കൊച്ചി: അമേരിക്ക ഏർപ്പെടുത്തിയ അമിത താരിഫ് കുരുമുളക് കയറ്റുമതിയെ ബാധിക്കുന്നുവെന്ന് കുരുമുളക് ഉത്പാദക രാജ്യങ്ങളിലെ പ്രതിനിധികൾ. രാജ്യാന്തര കുരുമുളക് സമൂഹസമ്മേളനത്തിന്റെ സമാപന ദിനത്തിൽ സംസാരിക്കവെയാണ് പ്രതിനിധികൾ ഒന്നടങ്കം അമേരിക്കയുടെ അമിത താരിഫിലുള്ള പ്രതിഷേധം അറിയിച്ചത്.
ഇന്ത്യയെ പ്രതിനിധികരിച്ച് മാർക്കറ്റിംഗ് ഡയറക്ടർ ബി.എൻ ഝായും വിയറ്റ്‌നാമിനെ പ്രതിനിധീകരിച്ച് ഹൊയംഗ്തിലീനും മലേഷ്യയെ പ്രതിനിധീകരിച്ച് വിൻസന്റ് സാവക്കും ശ്രീലങ്കയെ പ്രതിനിധീകരിച്ച് ദമയന്തി സമര സിൻഹയും ബ്രസീലിൽ നിന്ന്പ്രതിനിധികളില്ലാത്തതിനാൽ ഐ.പി.സി കൺസൾട്ടന്റ് ജസ്വിന്തർ സിംഗ് സേത്തിയും കമ്പോഡിയയെ പ്രതിനിധികരിച്ച് സവോൻ ചുളയും പങ്കെടുത്തു.
അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരശൃംഖല ശക്തിപ്പെടുത്തുക, സുസ്ഥിര കൃഷിരീതികളും പ്രതിരോധശേഷി കൂടിയ കുരുമുളക് ഇനങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സമ്മേളനം കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു.
ഉത്പാദന ചെലവിൽ വർദ്ധന
കുരുമുളക് ഉത്പാദിപ്പിക്കുന്നതിലും ചെലവ് വർദ്ധിച്ചുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കുരുമുളക് കൃഷിയെ രോഗകീടബാധകൾ പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ നിന്ന് രക്ഷ നേടാൻ കീടനാശിനികളെ ആശ്രയിക്കേണ്ടി വരുന്നു. ഇതാണ് ഉത്പാദനച്ചെലവിൽ വർദ്ധനവ് ഉണ്ടാക്കുന്നത്. അതേസമയം കേരളത്തിൽ കുരുമുളകിന്റെ വില ഉയരുകയാണ്. ദീപാവലി കാലത്ത് രണ്ടാഴ്ചയ്ക്കിടെ 11 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.