കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കോൺ.ഹൈക്കമാൻഡ്
ന്യൂഡൽഹി: കേരളത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. ചൊവ്വാഴ്ച കേരളത്തിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കിടെ ഇക്കാര്യം അറിയിച്ചെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന ന്നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. സുധാകരൻ, കെ. മുരളീധരൻ തുടങ്ങിയവർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ചരടുവലികൾ സംബന്ധിച്ച് ഹൈക്കമാൻഡിന് വിവരം ലഭിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി പാടില്ലെന്ന്, ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകി. കേരളത്തിൽ കൂട്ടായ നേതൃത്വമില്ലെന്നും വിമർശിച്ചു. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തലിൽ മാത്രമാണ് പല നേതാക്കളുടെയും ശ്രദ്ധ.
താഴെത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എ.ഐ.സി.സിയുടെ പല നിർദ്ദേശങ്ങളും സംസ്ഥാനത്ത് സംഘടനാതലത്തിൽ നടപ്പിലാകുന്നില്ല. ഭിന്നതകൾ ചർച്ച ചെയ്‌തു തീരുമാനിക്കണം. വിജയ സാദ്ധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിന്റെ മാനദണ്ഡം. നേതാക്കളാണ് പാർട്ടിക്കുള്ളിൽ അനൈക്യം ഉണ്ടാക്കുന്നതെന്നും, അത്തരം പ്രവർത്തനങ്ങൾ നിറുത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്നും കെ. സുധാകരൻ ദേശീയ നേതൃത്വത്തോട് തുറന്നടിച്ചിരുന്നു.
കോർ കമ്മിറ്റി
രൂപീകരിക്കും
കേരളത്തിലെ നേതാക്കൾക്കിടയിലെ ഏകോപനം വർദ്ധിപ്പിക്കാനും, സുപ്രധാന തീരുമാനങ്ങളെടുക്കാനും കോർ കമ്മിറ്റി രൂപീകരിക്കും. പ്രധാന നേതാക്കളെല്ലാം കമ്മിറ്റിയിലുണ്ടാകും. തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി മുന്നോട്ടു വച്ച പ്രചാരണ പദ്ധതിക്ക് എ.ഐ.സി.സി ചില ഭേദഗതികളോടെ അംഗീകാരം നൽകിയിരുന്നു.