'കരിയർ പ്രയാണം' പോർട്ടലിലൂടെ ഇനി തൊഴിൽമേഖല കണ്ടെത്താം

Wednesday 29 October 2025 11:48 PM IST

തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ഉപരിപഠനം,തൊഴിലവസരങ്ങൾ,മത്സരപരീക്ഷകൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഓൺലൈൻ പോർട്ടലായ 'കരിയർ പ്രയാണം' മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലും, യൂനിസെഫും ചേർന്ന് കൈറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച പോർട്ടൽ എസ്.എസ്.എൽ.സി, പ്ലസ്ടു,ഡിഗ്രി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കും. www.careerprayanam.education പോർട്ടൽ പൂർണ്ണമായും സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാം. 400ലധികം കരിയറുകൾ, 900ലധികം സ്ഥാപനങ്ങൾ, 1000ലധികം തൊഴിൽ ദാതാക്കൾ എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. 24 കരിയർ മേഖലകളായി തിരിച്ചിട്ടുണ്ട്. കരിയർ ഇന്ററസ്റ്റ് ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള മേഖല കണ്ടെത്തുന്നതിനും സാധിക്കും. മേഖല തിരഞ്ഞെടുത്താൽ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും 'വ്യൂ ഡീറ്റെയിൽസിൽ' കാണാനാകും.