വനംവകുപ്പിൽ ഫീൽഡ് ജോലിക്കാർക്ക് ഓഫീസിൽ 'അദർ ഡ്യൂട്ടി"

Thursday 30 October 2025 12:49 AM IST

 ഇഷ്ടക്കാർക്ക് ചട്ടം ലംഘിച്ച് നിയമനം

തിരുവനന്തപുരം: വനംവകുപ്പിൽ ഫീൽഡ് ജോലിക്കാരായ ഇഷ്ടക്കാർക്ക് 'അദർ ഡ്യൂട്ടി" എന്ന പേരിൽ ഓഫീസ് ജോലി നൽകുന്നതായി ആക്ഷേപം. ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ബി.എഫ്.ഒ), സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (എസ്.എഫ്.ഒ) തസ്തികകളിലുള്ളവരാണ് റേഞ്ചുകളിലെയും ഡിവിഷനുകളിലെയും ഫീൽഡ് ഡ്യൂട്ടി ഒഴിവാക്കി അനധികൃതമായി ഓഫീസ് ഡ്യൂട്ടി ചെയ്യുന്നത്. ഇവരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണ് ചട്ടം.

ഫീൽഡ് ജോലിക്ക് ആവശ്യത്തിനുദ്യോഗസ്ഥരില്ലാതെ അനിശ്ചിതത്വത്തിലാകുന്നതിനിടെയാണ് സ്വാധീനമുപയോഗിച്ച് ചിലർ 'സേഫ്" ഡ്യൂട്ടിയിൽ തുടരുന്നത്. ഓഫീസ് ജോലികളും ഉന്നതരുടെ പി.എ അടക്കമുള്ള ജോലികളുമാണ് ഇവർ ചെയ്യുന്നത്. ഫീൽഡ് സ്റ്റാഫിനുള്ള റിസ്ക് അലവൻസ് ഉൾപ്പെടെ വാങ്ങിയാണ് ഇത്തരക്കാ‌ർ ഓഫീസ് പണിയെടുക്കുന്നത്.

വനംവകുപ്പ് മേധാവിയുടെയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിന്റെയും (ഭരണം) ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ ലംഘിച്ചാണിത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്ന വനം വിജിലൻസിന്റെ നിർദ്ദേശവും നടപ്പിലായിട്ടില്ല. ഗർഭധാരണം അടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ വനിതകൾക്ക് ഹ്രസ്വകാലത്തേക്ക് പരിഗണന നൽകുന്നതിനാണ് 'അദർ ഡ്യൂട്ടി" ക്രമീകരണം. ഇത് സ്ഥിരമാക്കാൻ അനുവദിക്കാറില്ല.

ബി.എഫ്.ഒ, എസ്.എഫ്.ഒ തസ്തികയിലുള്ളവർ പലപ്പോഴും 24മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിവരും. എന്നാൽ ഓഫീസ് ഡ്യൂട്ടിയിലുള്ളവർ ഓഫീസ് സമയത്ത് ജോലി ചെയ്താൽമതി. നിർബന്ധമായെടുക്കേണ്ട നൈറ്റ് ഡ്യൂട്ടികളും ഒഴിവാകും. അവധിക്കുപോലും ഡ്യൂട്ടിക്കെത്തണമെന്ന ഫീൽഡ് സ്റ്റാഫിന്റെ ജോലിക്രമവും പാലിക്കേണ്ടതില്ല.

നൈറ്റ് വാച്ചറിലും

ക്രമക്കേട്

പ്രൊട്ടക്ഷൻ വാച്ചർ, തൊണ്ടി വാച്ചർ എന്നീ പേരുകളിൽ താത്കാലിക വാച്ചർമാരായി നിയോഗിക്കപ്പെടുന്നവരും അതർ ഡ്യൂട്ടിയിലുണ്ടെന്നാണ് ആരോപണം. താത്കാലിക കമ്പ്യൂട്ടർ ഓപ്പറേറ്റർ,ഡ്രൈവർ,ഓഫീസ് അസിസ്റ്റന്റ് എന്നീ ജോലികളാണ് ഇവർ ചെയ്യുന്നത്. പ്രത്യേക കരാർ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങൾ നടത്തേണ്ടത്. രാപകൽ ഡ്യൂട്ടിയെന്ന പേരിൽ പ്രതിദിനം 950 രൂപയും എഴുതിയെടുക്കും. ഇത്തരത്തിൽ ആയിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് ആരോപണം.