മുട്ടുവിൻ തുറക്കപ്പെടും, വീട്ടുടസ്ഥന് മുന്നിൽ മാത്രം
കോട്ടക്കൽ: ഫേസ് ഐഡി വച്ച് വീട് അൺലോക്ക് ചെയ്യാം, ലോക്ക് ചെയ്യാം. കല്ലിങ്കൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരൻ മുഹമ്മദ് സിറാജുദ്ദീന്റേതാണ് ആശയം. താക്കോലിന്റെ സഹായമില്ലാതെ വീട്ടുടമസ്ഥന് മാത്രം വീട് തുറക്കാനും അടയ്ക്കാനും സാധിക്കും വിധമാണ് സിറാജുദ്ദീൻ എച്ച്.എസ് വിഭാഗം റോബോട്ടിക്ക് മത്സരത്തിൽ ഉപകരണം സജ്ജീകരിച്ചത്.അപരിചിതർ വീട് തുറക്കാൻ ശ്രമിച്ചാൽ ചുവപ്പ് ലൈറ്റ് കത്തും, ശബ്ദമുയരും. വീടുകളിലെ മോഷണവും ഇത് കാരണം വീട്ടുടമയുടെ ദുരിതവും നേരിൽ കാണേണ്ടി വന്നതാണ് ഈ ഒരു ആശയത്തിലേക്ക് സിറാജുദീനെ നയിച്ചത്. എച്ച്.എസ് വിഭാഗം റോബോട്ടിക് മത്സരത്തിലായിരുന്നു ഈ മിടുക്കൻ ഓട്ടോമേറ്റഡ് ഹൗസ് മാനേജ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ചത്.ആദ്യമായാണ് ജില്ലാ ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുന്നതെങ്കിലും സിറാജുദ്ദീന് തന്റെ നൂതന ആശയത്തിലുള്ള വിശ്വാസം ആവോളമുണ്ട്. പ്രവാസിയായ മുഹമ്മദലിയുടെയും മൈമൂനയുടെയും മകനാണ്.