ഭായിമാരുടെ തീരുമാനവും വെല്ലുവിളിയാകുന്നു; കേരളത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുക എളുപ്പമാകില്ല

Thursday 30 October 2025 12:32 AM IST

കിളിമാനൂര്‍: മഴയും വിലക്കയറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. ഇത് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജി.എസ്.ടിയില്‍ ഇളവ് വന്നിട്ടും നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിയുന്നില്ല. സിമന്റും സ്റ്റീലും ഒഴികെ മറ്റ് സാധനസാമഗ്രികളുടെ വിലയില്‍ ഇതുവരെ കുറവ് വന്നിട്ടില്ല. പി.വി.സി, വയര്‍ സാമഗ്രികള്‍, പെയിന്റ്, ടൈല്‍ തുടങ്ങിയവയുടെ വിലയിലും മാറ്റമില്ല. മുഴുവന്‍ തുകയും കണ്ടെത്തിയശേഷം നിര്‍മ്മാണം ആരംഭിച്ചവര്‍ക്ക് പോലുമിന്ന് അടിതെറ്റുകയാണ്. കരാറെടുത്തവരും പറഞ്ഞ തുകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു. പുതിയ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനും സാധിക്കുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു.

പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ല

പാരിസ്ഥിതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മിക്ക ക്രഷറുകളുടെയും പ്രവര്‍ത്തനമിന്ന് നിറുത്തിവച്ചിരിക്കുകയാണ്. പ്രവര്‍ത്തിക്കുന്ന ക്രഷറുകളിലാകട്ടെ മഴയായതിനാല്‍ ലോറികള്‍ക്ക് എത്താനുമാകുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍മ്മാണ ജോലികളും സ്തംഭിച്ചിരിക്കുകയാണ്. മുന്‍ ബില്ലുകള്‍ പാസാക്കാത്തതിനാല്‍ കരാറുകാരും പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ല.

പാതിവഴിയില്‍ ലൈഫും

ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എല്‍ കുടുംബങ്ങളെയും സാധാരണക്കാരെയും വിലവര്‍ദ്ധനവ് പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതി വഴി നല്‍കുന്നത്. 12 ലക്ഷം രൂപ വരെയാണ് നിര്‍മ്മാണച്ചെലവ്.

തൊഴിലാളികുടെ കൂലിയിലും വര്‍ദ്ധനവുണ്ടായി. 2 വര്‍ഷം മുമ്പ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രതിദിനം 1000 രൂപയാണ് ഇന്ന്.

സ്വകാര്യ മേഖലയിലെ ഫ്‌ലാറ്റ്, വില്ല പദ്ധതികളും പ്രതിസന്ധിയിലാണ്. വില ഇങ്ങനെ

സിമന്റ് (50 കിലോ) : 330

എം.സാന്‍ഡ് (ഒരുഅടി) : 68

പി.സാന്‍ഡ് (ഒരുഅടി) : 73

സിമന്റ് ബ്രിക്സ് : 40,43

ചുടുകട്ട: 10,12 (ഒരു കല്ല്)

കരിങ്കല്ല്: 2500 (150 അടി)