ആംബുലൻസ് ഡ്രൈവർക്ക് നേരെ ആക്രമണം
കൊട്ടിയം: രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് സൈഡ് കൊടുക്കാത്തതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ബൈക്കിൽ വരികയായിരുന്ന സംഘം ആംബുലൻ ഡ്രൈവറെ കൈയേറ്റം ചെയ്തു. ആംബുലൻസിന് കേടുപാടും വരുത്തി. ആംബുലൻസ് ഡ്രൈവർ വിവിനാണ് (37) മർദ്ദനമേറ്റത്.
ചൊവ്വാഴ്ച രാത്രി 8.30 ഓടെ കൊട്ടിയത്തായിരുന്നു സംഭവം. പത്തനാപുരത്ത് നിന്ന് രോഗിയുമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസിന് മുന്നിൽ മൂവർ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് സൈഡ് കൊടുക്കാതെ സഞ്ചരിച്ചു. സൈഡ് കിട്ടിയപ്പോൾ മുന്നിൽ കയറിയ ആംബുലൻസ് ഡ്രൈവർ ആംബുലൻസിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്തു. ഇതോടെ മൂവർ സംഘം ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ആംബുലൻസിന് കേടുപാടുകൾ വരുത്തുകയുമായിരുന്നു.
പത്തനാപുരം സ്വദേശിയായ ബിന്ദു എന്ന രോഗിയുമായാണ് ആംബുലൻസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനോടൊപ്പം വിവിനും ആശുപത്രിയിൽ ചികിത്സ തേടി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വന്ന വീഡിയോകളും പരിശോധിച്ച പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. കൊട്ടിയം കൊട്ടുംപുറം സ്വദേശിയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.