നന്ദുജയെ ജീവിത സഖിയാക്കി സജിത്ത്

Thursday 30 October 2025 12:59 AM IST

കൊല്ലം: വനിതാ ശിശു വികസന വകുപ്പിന്റെയും കൊല്ലം കോർപ്പറേഷന്റെയും നിയന്ത്രണത്തിലുള്ള കരിക്കോട് ഗവ. മഹിളാ മന്ദിരത്തിലെ അംഗമായ എസ്. നന്ദുജ വിവാഹിതയായി. കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം ചരുവിള തെക്കതിൽ സജീവിന്റെയും ഉഷയുടെയും മകൻ എസ്.സജിത്താണ് നന്ദുജയെ ജീവിത സഖിയാക്കിയത്.

അഞ്ചു വർഷത്തിലേറെയായി മഹിളാ മന്ദിരത്തിലെ താമസക്കാരിയാണ് നന്ദുജ. പിതാവ് മരിക്കുകയും മാതാവിന്റെ അനാരോഗ്യവും മൂലം നന്ദുജയും അനുജത്തിയും ഗവ. ഹോമുകളിലാണ് വളർന്നതും പഠിച്ചതും. ഇവരെ സംരക്ഷിക്കാൻ ബന്ധുക്കളും ഇല്ലായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു നന്ദുജ. ഇന്നലെ രാവിലെ 11.45നും 12.05നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലായിരുന്നു വിവാഹം. കൊല്ലം മേയർ ഹണി ബെഞ്ചമിൻ, എം. മുകേഷ് എം.എൽ.എ, കളക്ടർ എൻ. ദേവീദാസ്, കോർപ്പറേഷൻ ക്ഷേമകാര്യ ചെയർമാൻ എം. സജീവ്, വികസനകാര്യ ചെയർ പേഴ്സൺ എസ്. ഗീതാകുമാരി, നഗരാസൂത്രണ ചെയർപേഴ്സൺ സുജാകൃഷ്ണൻ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ പി. ബിജി, മഹിളാ മന്ദിരം സൂപ്രണ്ട് കെ. ഉഷാറാണി, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എ.വി.ഷീജ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനൽ വെള്ളിമൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിൽ , ജെ.സുജനൻ എന്നിവർ വിവാഹത്തിന് നേതൃത്വം നൽകി. എം.എൽ.എയാണ് നന്ദുജയ്ക്ക് വരണമാല്യം കൈമാറിയത്. മേയർ ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ വിവാഹ സദ്യ നൽകി. മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളും വ്യക്തികളും സഹായങ്ങൾ നൽകി.