ദേശീയപാത 66: കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ 3 മാസത്തിനകം ടോൾ
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ കാവനാട് - കടമ്പാട്ടുകോണം റീച്ചിൽ മൂന്ന് മാസത്തിനകം ടോൾ പിരിവ് ആരംഭിക്കാൻ സാദ്ധ്യത. ടോൾ പിരിവിനുള്ള നടപടി വൈകാതെ എൻ.എച്ച്.എ.ഐ ആരംഭിക്കും. നിർമ്മാണം 80 ശതമാനം പൂർത്തിയായാൽ ടോൾ പിരിവ് ആരംഭിക്കാമെന്നാണ് എൻ.എച്ച്.എ.ഐയുടെ നയം.
നിർമ്മാണം 80 ശതമാനം പിന്നിട്ടതായി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ദേശീയപാത അതോറ്റി അധികൃതർ വിലയിരുത്തി. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ ഓഫീസ് 80 ശതമാനം പിന്നിട്ടെന്ന റിപ്പോർട്ട് രേഖമൂലം നൽകും. അതിന് പിന്നാലെ ടോൾ പിരിവിനുള്ള ടെണ്ടർ ക്ഷണിക്കും.
പാരിപ്പള്ളിക്കും കല്ലുവാതുക്കലിനും ഇടയിൽ ശ്രീരാമപുരത്ത് കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ ടോൾ പ്ലാസയുടെ നിർമ്മാണം 70 ശതമാനം പൂർത്തിയായിട്ടുണ്ട്. ടോൾ പിരിവിനുള്ള നടപടി ആരംഭിക്കുന്നതോടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകും.
ലക്ഷ്യം 2100 കോടി
നിലവിൽ 1350 കോടിയാണ് കാവനാട് - കടമ്പാട്ടുകോണ റീച്ചിന്റെ ആകെ നിർമ്മാണ ചെലവ്. കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര വിതരണത്തിനായി ഏകദേശം 1015 കോടി ചെലവായിട്ടുണ്ട്. ഇതിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം വഹിച്ചിട്ടുള്ളത്. ബാക്കി തുകയും പിരിക്കേണ്ട ടോൾ തുകയിൽ ഉൾപ്പെടും. അങ്ങനെ നിലവിലെ കണക്ക് പ്രകാരം ഏകദേശം 2100 കോടി രൂപയെങ്കിലും 15 വർഷത്തിനുള്ളിൽ പിരിച്ചെടുക്കുന്ന തരത്തിലായിരിക്കും ടോൾ നിരക്ക് നിശ്ചയിക്കുക. 15 വർഷത്തിനുള്ളിൽ തുക പൂർണമായും ലഭിച്ചില്ലെങ്കിൽ കാലാവധി വീണ്ടും നീളും. പുതിയ പ്രവൃത്തികൾ വരുന്നതോടെ ടോളിലൂടെ പിരിച്ചെടുക്കുന്ന തുകയും ഉയരും.
ആകെ ദൂരം
31.5 കിലോ മീറ്റർ
നിർമ്മാണ ചെലവ്
₹ 1350 കോടി
സ്ഥലമേറ്റെടുക്കൽ
₹ 1015 കോടി
നിർമ്മാണ പുരോഗതി
80 %
ഇത്തിക്കര, തിരുമുക്ക് അടിപ്പാതയ്ക്ക് ശുപാർശ
ഇത്തിക്കരയിൽ ഭൂഗർഭ അടിപ്പാതയും തിരുമുക്കിലെ പ്രശ്നപരിഹാരത്തിനുമുള്ള ശുപാർശ സമർപ്പിക്കാൻ റീജിണൽ ഓഫീസർ, കരാർ കമ്പനി, സ്വതന്ത്ര എൻജിനിയറിംഗ് കൺസൾട്ടൻസി എന്നിവർക്ക് നിർദ്ദേശം നൽകി ഇന്നലെ എൻ.എച്ച്.എ.ഐ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് ഉത്തരവിറങ്ങി. ഇതിന്റെ ഭാഗമായി എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർ രണ്ട് ദിവസത്തിനകം ഇത്തിക്കര, തിരുമുക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. കാവനാട് അക്വാഡക്ട് സ്ഥാപിക്കുന്നത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും. തിരുമുക്കിൽ നിലവിലുള്ള അടിപ്പാത പൊളിച്ച് പുതിയത് നിർമ്മിക്കണോ, വീണ്ടുമൊരെണ്ണം നിർമ്മിക്കണോ, ഇവയുടെ ചെലവ് എന്നിവയടക്കം പരിശോധിക്കും.