മാസപ്പടി കേസ്: ജസ്റ്റിസ് ശ്യാംകുമാർ ഒഴിവായി

Thursday 30 October 2025 1:07 AM IST

കൊച്ചി: സി.എം.ആർ.എൽ -എക്‌സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ജസ്റ്റിസ് വി.എം. ശ്യാംകുമാർ ഒഴിവായി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പിന്മാറുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിനോടൊപ്പം മറ്റൊരു ജഡ്ജി ഉൾപ്പെട്ട ബെഞ്ചായിരിക്കും ഹർജിയിൽ ഇനി വാദം കേൾക്കുക.

എതിർ കഷികളായ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡടക്കം എതിർകക്ഷികൾക്കെല്ലാം നോട്ടീസ് നൽകിയതിനെ തുടർന്ന് ഹർജി കഴിഞ്ഞ ദിവസം വാദത്തിനായി മാറ്റിയിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും ലിസ്റ്റ് ചെയ്തത്. മാദ്ധ്യമ പ്രവർത്തകനായ എം.ആർ.അജയനാണ് ഹർജിക്കാരൻ.മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട്.