ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അറ്റകുറ്റപ്പണി: ശില്പിമാരുടെ പട്ടിക നൽകി തന്ത്രി
കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ശ്രീകോവിലിന്റെ ഉൾപ്പെടെ അറ്റകുറ്റപ്പണിക്കായി ശില്പിമാരുടെ പട്ടിക മുഖ്യതന്ത്രി നൽകിയിട്ടുണ്ടെന്ന് ഭരണസമിതി ഹൈക്കോടതിയിൽ അറിയിച്ചു. കൂടുതൽ നിർദ്ദേശങ്ങൾ മുഖ്യതന്ത്രി വരും ദിനങ്ങളിൽ നൽകുമെന്ന് തന്ത്രിയുടെ അഭിഭാഷകനും അറിയിച്ചു. അറ്റകുറ്റപ്പണി നടത്തുന്ന രീതിയും സമയക്രമവും വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഭരണസമിതിയോട് നിർദ്ദേശിച്ചു. വിഷയം വീണ്ടും 13ന് പരിഗണിക്കും.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹ(മൂലബിംബം)ത്തിലെ കേടുപാടുകൾ തീർക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻ പിള്ള ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്. മൂലബിംബത്തിന് കേടുപാടില്ലെന്നും ശ്രീകോവിൽ മേൽക്കൂരയും വിഷ്വക് സേന വിഗ്രഹവും പുനരുദ്ധരിച്ചാൽ മതിയെന്നുമാണ് മുഖ്യ തന്ത്രിയുടെ നിലപാട്.