പോറ്റിയും മുരാരിയുമായി ഇന്ന് തെളിവെടുത്തേക്കും

Thursday 30 October 2025 1:12 AM IST

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻപോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ച് ശബരിമലയിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്നും മുരാരിയുടെ കസ്റ്റഡി കാലാവധി നാളെയും അവസാനിക്കും.

ഇരുവരിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളറിയാനാണ് ഒന്നിച്ച് തെളിവെടുപ്പ്.

കേസിൽ ഒന്നാംപ്രതിയാണ് പോറ്റി. ബാബു ആറാം പ്രതിയും. രണ്ട് മുതൽ അഞ്ച് വരെ പ്രതികളെ ഇനിയും ചോദ്യം ചെയ്തിട്ടില്ല.

2019ലെ സ്വർണപ്പാളി മോഷണക്കേസിൽ അന്നത്തെ ദേവസ്വം ബോർഡിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് ഇരുവരിൽ നിന്നും ലഭിച്ച സൂചന. എന്നാൽ ബോർഡ് ഭാരവാഹികളെ ചോദ്യം ചെയ്യാത്തത് തെളിവുകൾ നശിപ്പിക്കാൻ അവസരം ഒരുക്കലാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.