ആറു വയസുകാരിയുടെ ദാരുണ മരണം പിതാവിനും രണ്ടാനമ്മയ്‌ക്കും എതിരെ കൊലക്കുറ്റം

Thursday 30 October 2025 1:21 AM IST

കൊച്ചി: കോഴിക്കോട് ആറു വയസുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയും പിതാവുമായ സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും രണ്ടാനമ്മയുമായ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്നു ഹൈക്കോടതി. ഇവരെ അറസ്റ്റു ചെയ്‌ത് ഇന്ന് രാവിലെ 10.15ന് കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. കൊലക്കുറ്റത്തിനു ശിക്ഷ വിധിക്കുന്നതിനു മുമ്പ് പ്രതികളുടെ വാദം കേൾക്കാനാണിത്.

താമരക്കുളം ലക്ഷ്‌മി നിവാസിൽ (തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത്) സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കു മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ,റംല ബീഗത്തിന് രണ്ടു വർഷം കഠിന തടവുമാണ് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി 2016 നവംബർ മൂന്നിന് ശിക്ഷ വിധിച്ചത്.സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി. ഒന്നാം പ്രതിക്ക് ആദ്യ ഭാര്യയിൽ ജനിച്ച അദിതി 2013 ഏപ്രിൽ 29 നാണു മരിച്ചത്. സഹോദരൻ അരുണിനെയും പ്രതികൾ മർദ്ദിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി ടി.വി. നീമ ഹാജരായി.

വിചാരണക്കോടതിക്കു

വീഴ്ച പറ്റി

കുട്ടികളെ വധിക്കണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തൽ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. . കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.