ഓപ്പൺ മാർക്കറ്റ് സ്കീം: അരി വില്പനയ്‌ക്ക് ഇ-ലേലം

Thursday 30 October 2025 1:22 AM IST

തിരുവനന്തപുരം: പൊതുവിപണി വില നിയന്ത്രിക്കുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന്റെ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഒ.എം.എസ്.എസ് - ഡി) പ്രകാരം ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ അരിവിൽക്കുന്നു. എഫ്.സി.ഐ കേരള മേഖലയിൽ എല്ലാ വെള്ളിയാഴ്ചയുമാണ് ഇ-ലേലം. 2026 ജൂൺ 30 വരെ എംപാനൽ ചെയ്തിട്ടുള്ള ബൾക്ക് ബയർമാർ, വ്യാപാരികൾ, അരി അനുബന്ധ ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവർക്ക് പങ്കെടുക്കാം. ഒ.എം.എസ്.എസ് (ഡി) പ്രകാരം ക്വിന്റലിന് 2890 രൂപ നിരക്കിൽ അരി ലഭിക്കും. കൂടാതെ എല്ലാ റവന്യു ജില്ലകളിലെയും ചെറുകിട, സ്വകാര്യ വ്യാപാരികൾക്കായി ഒ.എം.എസ്.എസ് (ഡി) പദ്ധതി പ്രകാരം ഒരു മെട്രിക് ടൺ മുതൽ 9 മെട്രിക് ടൺ വരെ ആഴ്ചയിലൊരിക്കൽ നവംബർ 1 മുതൽ 2026 ജൂൺ 30 വരെ 2890 രൂപ നിരക്കിൽ എഫ്.സി.ഐയിൽ നിന്ന് അരി വാങ്ങാം. കേരളത്തിൽ ജി.എസ്.ടി രജിസ്ട്രേഷനുള്ളവർക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂവെന്ന് എഫ്.സി.ഐ കേരള മേഖല ജനറൽ മാനേജർ അറിയിച്ചു.