പി എം ശ്രീ പദ്ധതി; പിന്മാറ്റം കേരളത്തിന് എളുപ്പമല്ല, അന്തിമ തീരുമാനം കേന്ദ്രത്തിന്റേത്
ന്യൂഡൽഹി: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയം. വ്യക്തത ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നും കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പി എ ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക കേരളത്തിന് എളുപ്പമല്ല. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പിന്മാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷാ അഭിയാന്റെ (എസ്എസ്എ) ഫണ്ട് തടയാൻ കേന്ദ്രത്തിന് കഴിയും.
പി എം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം കരാർ റദ്ദാക്കാനും പിൻവലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് മാത്രമാണ്. പി എം ശ്രീയിൽ നിന്ന് പിന്മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ്എയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലായ് 26ന് പദ്ധതിയിൽ ചേരാൻ പഞ്ചാബ് സന്നദ്ധ അറിയിക്കുകയായിരുന്നു. പി എം ശ്രീ കരാർ താൽക്കാലികമായി നിറുത്തിവയ്ക്കാം എന്നല്ലാതെ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
ധാരണാപത്രം തത്കാലം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തു നൽകാമെന്നും പദ്ധതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദമായി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാമെന്നുമാണ് കേരള സർക്കാരിന്റെ പുതിയ തീരുമാനം. ഉപസമിതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനും മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി. രാജീവ്, എ. കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളുമാണ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചാണ് പുനഃപരിശോധനയെന്നും ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതു വരെ സംസ്ഥാനത്ത് പി.എം. ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്നും കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.