'പ്രതിദിനം 33 രൂപയുടെ വർദ്ധന മാത്രം, ഓണറേറിയം തുച്ഛം'; സമരം തുടരുമെന്ന് ആശാ വർക്കർമാർ
തിരുവനന്തപുരം: സർക്കാർ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചെങ്കിലും അത് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശ വർക്കർമാർ. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമരസമിതിയുടെ യോഗം ഇന്ന് ചേരും. പ്രതിദിനം 33 രൂപയുടെ വർദ്ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. സെക്രട്ടറിയേറ്റ് പടിക്കലിലെ ആശമാർ സമരം 264 ദിവസം പിന്നിട്ടു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ക്ഷേമപെൻഷൻ 1600ൽ നിന്ന് 2000 രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതം നൽകാൻ സ്ത്രീസുരക്ഷാ പെൻഷൻ, സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഒരുഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നൽകും,ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഇക്കൊല്ലം നൽകും, അടുത്ത ഏപ്രിലിൽ കുടിശിക തുക പി.എഫിൽ ലയിപ്പിക്കും, പി.എഫില്ലാത്തവർക്ക് പണമായി നൽകും, ജോലിനേടാൻ അഞ്ചു ലക്ഷം യുവാക്കൾക്ക് പ്രതിമാസം 1000രൂപയുടെ സ്കോളർഷിപ്പ് എന്നിവയായിരുന്നു മറ്റ് പ്രഖ്യാപനങ്ങൾ. എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.