'മന്ത്രിയപ്പൂപ്പൻ' അറിയണം; നിവേദ്യയ്ക്ക് മെഡൽ സൂക്ഷിക്കാൻ സ്വന്തമായി വീടില്ല

Thursday 30 October 2025 12:37 PM IST

തിരുവനന്തപുരം: നാല് സംസ്ഥാന സ്കൂൾ കായികമേളകളിൽ നിന്നായി 11 സ്വർണമെഡലുണ്ട് കെ നിവേദ്യയ്ക്ക്. പക്ഷേ അത് നിധിപോലെ സൂക്ഷിക്കാൻ സ്വന്തമായൊരു വീടില്ല. ദാരിദ്ര്യത്തോട് പടവെട്ടി ട്രാക്കിൽ വിജയഗാഥ രചിച്ച പാലക്കാട് വടവന്നൂർ വി എം എച്ച് എസിലെ പ്ലസ് വൺകാരി പ്രതീക്ഷയർപ്പിക്കുന്നത് വീടില്ലാത്ത കായിക താരങ്ങൾക്ക് വീടുവച്ച് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിലാണ്. കഴിഞ്ഞ നാല് കായികമേളയിലൊന്നിലും തന്റെ ബുദ്ധിമുട്ടുകൾ നിവേദ്യ പങ്കുവച്ചിരുന്നില്ല. വീടിനെക്കുറിച്ച് കേരളകൗമുദിയോട് മനസ് തുറന്നപ്പോൾ കണ്ണുനിറ‌ഞ്ഞു.

പാലക്കാട് തേങ്കുറിശി സ്വദേശിയാണ് നിവേദ്യ. അമ്മ ശാന്തിക്കൊപ്പം അമ്മാവന്റെ വീട്ടിലാണ് താമസം. സമീപത്തെ ആശ്രമത്തിലെ ആയയായ അമ്മയുടെ തുച്ഛമായ വരുമാനംകൊണ്ട് സ്വന്തമായി വീടുവയ്ക്കുകയെന്നത് ചിന്തിക്കാനാവുന്നതല്ല. ലൈഫ് പദ്ധതിയിൽ വീടിനായി ശ്രമിച്ചെങ്കിലും സ്ഥലമില്ലാത്തത് തിരിച്ചടിയായി. രണ്ട് മാസം മുമ്പ് മുത്തച്ഛൻ നാല് സെന്റ് ഭൂമി നൽകി. ലൈഫിനായി അപേക്ഷയ്ക്ക് ഒരുങ്ങവെയാണ് മന്ത്രിയുടെ പ്രഖ്യാപനം വന്നത്. തന്റെ സങ്കടം മന്ത്രി അറിഞ്ഞാൽ വീടുകിട്ടുമെന്ന് പ്രതീക്ഷിച്ചാണ് നിവേദ്യ ഉള്ളുതുറന്നത്.

ഏഴാംക്ലാസ് മുതലാണ് നിവേദ്യ കായിക രംഗത്തെത്തിയതത്. തേങ്കുറിശിയിലെ സൂര്യ കിരൺ അത്‌ലറ്റിക് അക്കാഡമിയിൽ ആർ. ജയകുമാറിന്റെ കീഴിലാണ് പരിശീലനം. 2022ൽ ആദ്യ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ 600,400,200 മീറ്ററുകളിൽ സ്വർണംനേടി വ്യക്തിഗത ചാമ്പ്യനായി വരവറിയിച്ചു. നേട്ടം പിറ്റേവർഷവും ആവർത്തിച്ചു. 2024ൽ ജൂനിയർ വിഭാഗത്തിൽ 1500, 800 മീറ്ററിൽ സ്വർണം നേടി. തിരുവനന്തപുരത്ത് 1500, 800 ,400 മീറ്ററുകളിൽ ഒന്നാമതെത്തിയാണ് നിവേദ്യ വ്യക്തിഗത ചാമ്പ്യനായത്.