ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ അയ്യർ ഇല്ല? നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത് വരെ ആശുപത്രിയിൽ തുടരണം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക് 2026 ജനുവരി വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ഇതോടെ ദക്ഷിണാഫ്രിക്കൻ പരമ്പര താരത്തിന് നഷ്ടമാകും. ഓസീസ് മത്സരത്തിനിടെ ഫീൽഡിംഗ് ചെയ്യുന്നതിനിടെയാണ് അയ്യരുടെ വാരിയെല്ലിന് പരിക്കേറ്റിരുന്നത്.
തുടർന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തി. അണുബാധ തടയേണ്ടതുള്ളതിനാൽ ഏഴുദിവസം വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നായിരുന്നു വിവരം. ഏകദേശം മൂന്നാഴ്‌ചയോളം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ അപകടനില തരണം ചെയ്ത് താരം ഐസിയുവിൽ നിന്ന് പുറത്തുവരികയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ജനുവരി മാസത്തോടെ മാത്രമേ അദ്ദേഹത്തിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ സാദ്ധ്യതയുള്ളൂവെന്ന് ബിസിസിഐ അറിയിച്ചു.
'ഞങ്ങൾ ശ്രേയസിന്റെ അവസ്ഥ നിരീക്ഷിക്കുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നിലവിൽ ജനുവരിയിൽ അദ്ദേഹം മത്സരങ്ങൾക്ക് ഫിറ്റ് ആകുമെന്നാണ് പ്രതീക്ഷ. നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത് വരെ അദ്ദേഹം സിഡ്നിയിൽ തുടരും,' ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ ട്വന്റി-20 ക്യാപ്ടൻ സൂര്യകുമാർ യാദവും അയ്യരുടെ പരിക്കിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.
'അദ്ദേഹത്തിന് പരിക്കേറ്റെന്ന് അറിഞ്ഞ ഉടൻ ഞാൻ വിളിച്ചിരുന്നു. ഫോൺ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. അതിനാൽ ഫിസിയോയെ വിളിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹവുമായി ഞാൻ സംസാരിക്കുന്നുണ്ട്. എനിക്ക് മറുപടി നൽകുന്നുണ്ട്. മറുപടി നൽകുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ്. ഡോക്ടർമാർ അവിടെയുണ്ട്. ദിവസങ്ങളോളം നിരീക്ഷണത്തിലായിരിക്കും. എന്നിരുന്നാലും, അദ്ദേഹം എല്ലാവർക്കും മറുപടി നൽകുകയും സംസാരിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്,' ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20ക്ക് മുന്നോടിയായുള്ള പ്രീ-മാച്ച് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ട്വന്റി20 ടീമിൽ അയ്യർ അംഗമല്ല. നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.