കടിക്കും, നിലവിളിക്കും; കേരളത്തിലെ ഈ തവളകളെ കണ്ടാൽ ശ്രദ്ധിക്കണം
തിരുവനന്തപുരം: ശത്രുക്കളുടെ ഭീഷണി നേരിടാൻ കടിക്കുകയും ശരീരം ഉയർത്തുകയും ചെയ്യുന്ന പ്രതിരോധ സ്വഭാവം ഇന്ത്യൻ തവളകളിലും കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ ഒരിനം തവളയിലും കേരളത്തിലെ മറ്രൊരിനം തവളയിലുമാണ് ഇത് കണ്ടെത്തിയത്. അരുണാചലിലെ 'അപാതാനി കൊമ്പൻ' തവള കടിയോടൊപ്പം നിലവിളിക്കും. ശരീരം ഉയർത്തിയാണ് കേരളത്തിലെ 'ഇരുനിറമുള്ള' തവള പ്രതിരോധിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരുടേതാണ് പഠന റിപ്പോർട്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന 419 തവള ഇനങ്ങളെ നിരീക്ഷിച്ചാണ് കണ്ടെത്തൽ.
മറ്റു ജീവികളുടെ ഇരയാകുന്നത് ഒഴിവാക്കാൻ കണ്ടുപിടിക്കപ്പെടാത്തവണ്ണം ഇരിക്കുന്നതു മുതൽ ഭീഷണി നേരിടുമ്പോൾ തിരിച്ചടിക്കുന്നതു വരെ തവളകൾ വൈവിദ്ധ്യമാർന്ന പ്രതിരോധ സംവിധാനങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന 7,876 ഇനങ്ങളിൽ ഏകദേശം 650 എണ്ണം കടി, ശരീരം ഉയർത്തൽ തുടങ്ങിയ പ്രതിരോധ സ്വഭാവങ്ങൾ കാണിക്കാറുണ്ട്. എന്നാൽ, ഇന്ത്യൻ ഇനങ്ങളിൽ ഇത്തരം സ്വഭാവങ്ങൾ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. പഠന റിപ്പോർട്ട് ശാസ്ത്ര ജേർണലായ ഹെർപ്പറ്റോളജിക്കൽ നോട്ട്സിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'അപാതാനി' രാത്രി സഞ്ചാരി
അരുണാചൽ പ്രദേശിൽ മാത്രം കാണപ്പെടുന്ന രാത്രിസഞ്ചാരിയാണ് അപാതാനി കൊമ്പൻ തവള. പകൽ സമയത്ത് ഒളിച്ചിരിക്കാൻ ഇലച്ചവറിന് സമാനമായ നിറത്തെ ആശ്രയിക്കും. ഭീഷണി നേരിടുകയോ ആരെങ്കിലും അടുത്തു വരികയോ ചെയ്യുമ്പോൾ ശരീരം വീർപ്പിക്കും. നിലവിളിക്ക് സമാനമായി ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കും. നുഴഞ്ഞുകയറ്റക്കാരെ കടിക്കും.
ശരീരമുയർത്തും ഇരുനിറത്തവള
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും ശരീരഭാഗങ്ങളിലെ നിറവ്യത്യാസം കാരണം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമാണ് ഇരുനിറമുള്ള തവള. പകൽ സഞ്ചാരി. വനത്തിൽ ഇലച്ചവറുകൾക്കിടയിലാണ് വാസം. ഭീഷണി നേരിടുമ്പോൾ ഇത് കൈകാലുകൾ ലംബമായി നിവർത്തും. വലിപ്പം കൂടുതലെന്ന് തോന്നിക്കും വിധത്തിൽ ശരീരം തറയിൽ നിന്ന് ഉയർത്തി പ്രതിരോധിക്കും.
ഇന്ത്യൻ തവളകളിലെ ഈ പുതിയ നിരീക്ഷണങ്ങൾ, നമ്മുടെ തദ്ദേശീയ ഇനങ്ങളുടെ പ്രകൃതിപരമായ ചരിത്രത്തെക്കുറിച്ചും സ്വഭാവങ്ങളെക്കുറിച്ചും രേഖപ്പെടുത്താത്തതോ പൂർണമായും അറിയപ്പെടാത്തതോ ആയ എത്രയോ കാര്യങ്ങൾ അവശേഷിക്കുന്നു എന്നതിന് ഉദാഹരണമാണെന്ന് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ എസ്.ഡി. ബിജു പറഞ്ഞു.