പ്രസാദം വിറ്റ് ഇവർ സമ്പാദിക്കുന്നത് കോടികൾ; ഐഡിയ ഉദിച്ചത് ഭക്ഷ്യ വിഷബാധയേറ്റപ്പോൾ
ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ്, വിദേശ രുചികൾ തുടങ്ങിയവ കടകളിലും വീടുകളിലും ആധിപത്യം സ്ഥാപിക്കുന്ന കാലത്ത് ഇന്ത്യയുടെ പരമ്പരാഗത വിഭവം വിറ്റ് കോടികൾ സമ്പാദിക്കുകയാണ് രണ്ട് കുട്ടികൾ. ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നേപ്പാളിലും പരമ്പരാഗതമായി തയ്യാറാക്കി വരുന്ന 'തെക്കുവ' എന്ന പലഹാരം വിൽപനയാണ് ബീഹാർ സ്വദേശികളായ ജയന്തയും സുഹൃത്ത് കൈലാഷും ബിസിനസാക്കി മാറ്റിയത്. ഉത്തരേന്ത്യയിലെ പ്രശസ്തമായ ഛഠ് പൂജാ ഉത്സവകാലത്ത് 'തെക്കുവ' പ്രസാദമായി നൽകാറുണ്ട്. ഇന്ന് ഇവരുടെ 'ശുദ്ധ് സ്വാദ്' എന്ന ബ്രാൻഡ് രാജ്യത്തുടനീളം സ്വീകാര്യത നേടി മുന്നേറുകയാണ്.
16കാരനായ ജയന്ത വഴിയരികിലെ കടയിൽ നിന്ന് ഒരിക്കൽ തെക്കുവ വാങ്ങി കഴിക്കുകയും ഭക്ഷ്യ വിഷബാധയേൽക്കുകയും ചെയ്തു. ഇന്ത്യയിലെ പരമ്പരാഗത പലഹാരം എത്ര വൃത്തിഹീനമായാണ് തയ്യാറാക്കുന്നതെന്ന് ജയന്ത അന്ന് മനസിലാക്കി. മാത്രമല്ല, ഈ പലഹാരം അമിത വിലയ്ക്കാണ് വിൽക്കുന്നതെന്നും ഉത്സവകാലത്ത് മാത്രമാണ് ലഭ്യതയെന്നും ജയന്ത തിരിച്ചറിഞ്ഞു. ഇതാണ് ശുദ്ധ് സ്വാദ് എന്ന ബ്രാൻഡിന്റെ പിറവിക്ക് കാരണമായത്.
തന്റെ ബിസിനസ് സ്വപ്‌നം ജയന്ത സുഹൃത്തും 16കാരനുമായ കൈലാഷിനോട് പങ്കുവച്ചതും വഴിത്തിരിവായി. വീട്ടുകാരെ സഹായിക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകളിൽ കുപ്പിവെള്ളം വിൽക്കുകയായിരുന്നു അന്ന് കൈലാഷ്. തുടർന്ന് വീട്ടിൽ തന്നെ ഇവർ പരീക്ഷണം ആരംഭിച്ചു. തെക്കുവയ്ക്ക് പുറമെ മഖാന, ബനാന ചിപ്‌സ്, ബേസൻ ലഡ്ഡു തുടങ്ങിയ ലഘുഭക്ഷണങ്ങളും ഇവർ തയ്യാറാക്കാൻ തുടങ്ങി. ഇവ മികച്ചതാക്കാൻ ദിവസവും പത്ത് മണിക്കൂറോളമാണ് തുടർച്ചയായി ജോലി ചെയ്തത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ തയ്യാറാക്കി താങ്ങാവുന്ന വിലയിൽ ഇന്ത്യയുടെ പരമ്പരാഗത പലഹാരം വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ബിസിനസ് ആരംഭിച്ച് ആദ്യത്തെ രണ്ടുമാസം ശുദ്ധ് സ്വാദിന് ഒരു ഓർഡർ പോലും ലഭിച്ചില്ല. പലരും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. എന്നാൽ പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഉത്പന്നങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. മാത്രമല്ല, ഇൻസ്റ്റാഗ്രാമിലും മറ്റും തുടർച്ചയായി തങ്ങളുടെ ബിസിനസിനെക്കുറിച്ച് പങ്കുവച്ചു. പ്രാദേശിക സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വിൽപന നടത്താനും തുടങ്ങി.
ക്രമേണ ശുദ്ധ് സ്വാദിന് കൂടുതൽ പ്രതികരണങ്ങൾ ലഭിക്കാൻ തുടങ്ങി. ചെറിയ പട്ടണങ്ങൾ മുതൽ മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നുവരെ ഓർഡറുകൾ ഒഴുകിയെത്താൻ തുടങ്ങി. ഒരു ചെറിയ അടുക്കളയിൽ തുടങ്ങിയത് താമസിയാതെ ഇന്ത്യയിലുടനീളം ഡെലിവറി ചെയ്യുന്ന ഒരു സമ്പൂർണ്ണ ഓൺലൈൻ ബിസിനസായി മാറുകയായിരുന്നു. ഇന്ന് ശുദ്ധ് സ്വാദ് മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. മാത്രമല്ല ഒരു കോടി രൂപയുടെ ബ്രാൻഡായി മാറുകയും ചെയ്തിരിക്കുന്നു.