'മന്ത്രി മുട്ടുമടക്കി, തലകുത്തി നിന്നുവെന്നൊക്കെ പറഞ്ഞ് കളിയാക്കി, ഇതൊന്നും എന്റെ കുടുംബപ്രശ്നമല്ല'; മറുപടിയുമായി ഗണേശ് കുമാർ

Thursday 30 October 2025 4:00 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്ത് കാലിയായ പ്ലാസ്റ്റിക് കുപ്പികൾ നിരത്തിയതിൽ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഈ മാസം ആദ്യം കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസിലെ ജീവനക്കാരെയാണ് മന്ത്രി ശകാരിച്ചത്. ഇതിന്റെ തുടർനടപടിയായി ബസ് ഡ്രൈവറെ സ്ഥലം മാറ്റുന്നുവെന്ന നടപടിയും കെഎസ്ആർടിസി സ്വീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നടപടി റദ്ദാക്കുകയായിരുന്നു. ഇതിനെ തുടർന്ന് മന്ത്രിക്കെതിരെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളുമാണ് ഉയർന്നത്. ഇപ്പോഴിതാ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ഗണേശ് കുമാർ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

'പ്രത്യേക കാരണം കാണിക്കാതെ ആ വ്യക്തിയെ സ്ഥലം മാ​റ്റിയ നടപടി റദ്ദാക്കുന്നുവെന്നാണ് ഹൈക്കോടതി പറഞ്ഞത്. കെഎസ്ആർടിസി മ​റ്റുനടപടികൾ സ്വീകരിക്കുന്നതിന് ഉത്തരവ് ഒരു തടസമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി മുട്ടുമടക്കി, തലകുത്തി നിന്നു എന്നിങ്ങനെയുളള കളിയാക്കലുകൾ ഉണ്ടായി. ഇതിനൊന്നിനും എനിക്കൊരു പ്രശ്നവുമില്ല. ഇതൊന്നും എന്റെ കുടുംബപ്രശ്നമല്ല. എനിക്ക് ആ വ്യക്തിയോട് ഒരു വിരോധവുമില്ല. ആ സംഭവത്തിൽ വിജിലൻസ് എടുത്ത വീഡിയോ എന്റെ കൈവശമുണ്ട്.

വാഹനത്തിൽ കാലിയായ പ്ലാസ്​റ്റിക് കുപ്പിയിട്ടു. അതിനാണ് ഞാൻ ശകാരിച്ചത്. അത് തെ​റ്റാണോ?എന്റെ അനുജനെപോലുളളയാളെ ശകാരിക്കാൻ എനിക്ക് അധികാരമുണ്ടെന്നാണ് വിശ്വാസം. തെ​റ്റായ രീതിയിൽ വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങൾ പകർത്തി ഞങ്ങൾക്ക് അയക്കുന്നുവരുണ്ട്. കൊച്ചിയിൽ ഹോണുകൾ നിരത്തിലിട്ട് നശിപ്പിച്ചതിന് ഒരു അഭിഭാഷകൻ വിമർശിച്ചു. അത് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ഹോണുകൾ റോളർ കയ​റ്റി നശിപ്പിച്ചത്. അത് നശിപ്പിച്ചില്ലെങ്കിൽ അവ വീണ്ടും വിൽക്കാൻ ശ്രമിക്കും. നശിപ്പിക്കാൻ വന്ന വാഹനത്തിന് പൊല്യൂഷനുണ്ടോയെന്നാണ് ആളുകൾ ചോദിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും കെഎസ്ആർടിസി പൊല്യൂഷൻ ടെസ്​റ്റിംഗ് സെന്റർ ആരംഭിക്കാൻ പോകുകയാണ്. കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകൾ നഷ്ടമാണെന്നാണ് ചിലരുടെ വിമർശനം. ഒരു കോടി 28 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം വരെ ലഭിച്ച ലാഭം'- മന്ത്രി വ്യക്തമാക്കി.