സ്കൂളിന് മാനക്കേടായി ടീച്ചർമാരുടെ 'ഈഗോ"
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ ഒരു സർക്കാർ സ്കൂളിൽ ഹെഡ്മിസ്ട്രസും അദ്ധ്യാപികയും തമ്മിലുള്ള തർക്കവും 'ഈഗോ'യും സ്കൂളിന് മാനക്കേടായി. ഇതിനിടയിൽപ്പെട്ട ക്ളാസ് ലീഡറായ വിദ്യാർത്ഥിക്ക് അധിക്ഷേപം കേൾക്കേണ്ടി വന്നതും സംഭവം തിരക്കാനെത്തിയ മാതാവ് സ്കൂളിൽ ബോധരഹിതയായി വീണതും വിവാദം രൂക്ഷമാക്കി.
3.6 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം മൂന്നാം തീയതി ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ഒരേ പേരുകാരായ അദ്ധ്യാപകരുടെ പോര് അതിരുവിട്ടത്.
സംഭവം ഇങ്ങനെ: അങ്കമാലി മേഖലയിലെ ഒരു സർക്കാർ സ്കൂളിൽ നിന്ന് സ്ഥലം മാറിയെത്തിയവരാണ് ഹെഡ്മിസ്ട്രസും അദ്ധ്യാപികയും. അദ്ധ്യാപിക 2019ൽ എത്തി. പ്രമോഷനോടെ ഈ വർഷമാണ് ഹെഡ്മിസ്ട്രസ് എത്തിയത്. ഇരുവരും ഒരേ പേരുകാരും പി.എച്ച്.ഡി യോഗ്യതയുള്ളവരുമാണ്. പതിവായി വൈകിയെത്തുന്ന അദ്ധ്യാപകരുടെ വിവരങ്ങൾ കൈമാറാൻ ക്ളാസ് ലീഡർമാർക്ക് എച്ച്.എം നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് വിവാദത്തിൽപ്പെട്ട അദ്ധ്യാപിക വൈകിയെത്തിയ വിവരം വിദ്യാർത്ഥി എച്ച്.എമ്മിനെ അറിയിച്ചു. വിഷയം സ്റ്റാഫ് മീറ്റിംഗിൽ ചർച്ചയായപ്പോൾ നേരിടാൻ ടീച്ചർ ക്ളാസിലെ കുട്ടികളുമായെത്തി. മാത്രമല്ല, ക്ളാസ് ലീഡറെ അധിക്ഷേപിച്ചതായും പറയുന്നു. സംഭവം വിവാദമായതോടെ പി.ടി.എയും വിഷയത്തിൽ ഇടപെട്ടു.
കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെത്തിയപ്പോഴും സഭ്യമല്ലാത്ത നടപടിയുണ്ടായി. ഇതിനിടയിലാണ് മാതാവ് ബോധരഹിതയായത്. ആംബുലൻസ് വിളിച്ചാണ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിതാവ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങൾ ഇടപ്പെട്ട് വിഷയം പറഞ്ഞുതീർക്കാനും ശ്രമം നടക്കുന്നുണ്ട്.