'സൈ - ഹണ്ട്" 43 പേർ അറസ്റ്റിൽ
ആലുവ: സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ റൂറൽ ജില്ലാ പൊലീസ് വിവിധ സ്ഥലങ്ങളിലായി നടത്തിയ 'സൈ - ഹണ്ടി"ൽ 43 പേർ അറസ്റ്റിലായി. കൂടുതൽ പേർ പിടിയിലായത് കോതമംഗലത്തും മൂവാറ്റുപുഴയിലുമാണ്. എട്ടു പേരെ വീതം ഇവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.
ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നാല് പേർ വീതവും തടിയിട്ടപറമ്പ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. റൂറൽ ജില്ലയിൽ 102 സ്ഥലങ്ങളിലാണ് ആകെ പരിശോധന നടന്നത്. മൂവാറ്റുപുഴയിൽ 36 ഇടങ്ങളിലും കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധിച്ചു. ഇന്നലെ രാവിലെ ഏഴിനാരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു.
തട്ടിപ്പ് പണം ചെക്ക് വഴി പിൻവലിച്ചവരെയും എ.ടി.എം കാർഡു വഴി പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവരെയും വിൽപ്പന നടത്തിയവരെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ അഞ്ച് സബ് ഡിവിഷനുകളിലായി മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കാളികളായി. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വാടകയ്ക്ക് നൽകുന്നതും വിൽക്കുന്നതും മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നതും സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത ഉണ്ടാകണമെന്ന് എസ്.പി പറഞ്ഞു.
ഡി.സി.ആർ.ബി ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, സൈബർ പൊലീസ് ഇൻസ്പെക്ടർ വി.ആർ. ജഗദീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.