രണ്ട് പ്ലാറ്റ്‌ഫോമുകള്‍, വന്ദേഭാരതിനും സ്‌റ്റോപ്; റോഡ് മുറിച്ച് കടന്നാല്‍ വിമാനത്താവളം, എപ്പോള്‍ പൂര്‍ത്തിയാകും?

Thursday 30 October 2025 8:41 PM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തോട് ചേര്‍ന്ന് ഒരു റെയില്‍വേ സ്‌റ്റേഷന്‍, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാലങ്ങളായുള്ള ആഗ്രഹമാണത്. കാത്തിരുപ്പിന് വിരാമമായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. എന്ന് എപ്പോള്‍ എങ്ങനെയായിരിക്കും നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുക. പുതിയ സ്റ്റേഷന്‍ നിര്‍മിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെ ആദ്യഘട്ടത്തില്‍ എന്തൊക്കെ സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന റെയില്‍വേ സ്‌റ്റേഷന് രണ്ട് പ്ലാറ്റ്‌ഫോമുകളുണ്ടാകും. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താന്‍ പാകത്തിനുള്ളതാകും പ്ലാറ്റ്‌ഫോമുകള്‍. വിമാനത്താവളത്തിനോട് ചേര്‍ന്ന് തന്നെയായിരിക്കും നിര്‍ദിഷ്ട റെയില്‍വേ സ്‌റ്റേഷന്റെ കവാടം. റെയില്‍വേയുടേയും സിയാലിന്റെയും ഭൂമി ലഭ്യമായതിനാല്‍ ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡിലായിരിക്കും സ്‌റ്റേഷന്റെ പ്രധാന കവാടം. അങ്ങനെ വരുമ്പോള്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം വിമാനത്താവളത്തിലേക്കുള്ള കവാട് റോഡ് മറികടന്നാല്‍ എത്തിച്ചേരാം.

ഹൈ ലെവല്‍ പ്ലാറ്റ്‌ഫോം, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേയ്ക്കു ലിഫ്റ്റ് കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളും ആദ്യ ഘട്ടത്തില്‍ ഉണ്ടാകും. 2025 ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റേഷന്റെ ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. 2010ല്‍ വിമാനത്താവളത്തോടു ചേര്‍ന്നുള്ള റെയില്‍വേ സ്റ്റേഷന്റെ പദ്ധതി തയാറാക്കി ശിലാസ്ഥാപനം വരെ നടത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

നിലവില്‍ കൊച്ചി വിമാനത്താവളത്തിലേക്ക് മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ അങ്കമാലി, ആലുവ, എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ കണക്റ്റിവിറ്റി പ്രശ്‌നവും വലിയ ചെലവും യാത്രക്കാര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്.