വിളയിറക്കാൻ വിത്തില്ലാതെ കർഷകർ നെട്ടോട്ടത്തിൽ

Friday 31 October 2025 1:14 AM IST

ആലത്തൂർ: വിള കലണ്ടർ നോക്കിവേണം വിളയിറക്കാനെന്ന് കൃഷിവകുപ്പ് പറയുമ്പോഴും ആവശ്യത്തിന് വിത്തുകിട്ടാതെ കർഷകർ ദുരിതത്തിൽ. ഒക്ടോബർ 11നും 25നും ഇടയിൽ ഞാറ്റടി തയ്യാറാക്കി, നവംബർ അഞ്ചിനും 15നും ഇടയിൽ നടീൽ പൂർത്തിയാക്കണമെന്നാണ് കൃഷിവകുപ്പിന്റെ വിള കലണ്ടർ നിർദ്ദേശിക്കുന്നത്. എന്നാൽ,​ ഒക്ടോബർ കഴിയുമ്പോഴും സീഡ് അതോറിറ്റിയിൽ നിന്ന് സബ്സിഡി നിരക്കിൽ ആവശ്യത്തിന് വിത്ത് നൽകാൻ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല. ചില കൃഷിഭവനുകളിൽ ലഭിച്ച വിത്തിൽ കലർപ്പും പതിരും ഉള്ളതായും ആക്ഷേപമുണ്ട്. ആവശ്യത്തിന് വിത്ത് ലഭിക്കാതെ കർഷകർ പരക്കം പാച്ചിലിലാണ്.

രണ്ടാംവിള ജലസേചനം പൂർണമായും കനാൽ വെള്ളത്തെ ആശ്രയിച്ചായതിനാൽ നടീൽ വൈകുന്നത് വിളവിന് പ്രതികൂലമാകും. തദ്ദേശ സ്ഥാപനങ്ങളുടെ സബ്സിഡി ഉപയോഗപ്പെടുത്തി 30-31 രൂപയ്ക്കാണ് കൃഷിഭവനുകൾ നെൽവിത്ത് ലഭ്യമാക്കുന്നത്. സ്വകാര്യ ഏജൻസികൾ 40-45 രൂപയ്ക്കാണ് വിത്ത് വിൽക്കുന്നത്. ഇതിന്റെ ഗുണനിലവാരത്തിലാകട്ടെ ഉറപ്പില്ല. ചില ചെറുകിട മില്ലുകളും നെല്ല് ഏജന്റുമാരും കഴിഞ്ഞ വർഷത്തെ നെല്ലിലെ പതിരുനീക്കി വിത്തെന്ന പേരിൽ വിൽക്കുന്നുണ്ട്. കലർപ്പുണ്ടാകാൻ സാദ്ധ്യതയുണ്ടെങ്കിലും വേറെ വഴിയില്ലെന്നാണ് കർഷകർ പറയുന്നത്. കെ.എസ്.എസ്.ഡി.എയുടെ കണ്ണാറ, എരുത്തേമ്പതി, ആലപ്പുഴ സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ നെൽവിത്ത് ഉണ്ടങ്കിലും വിതരണ സംഭരണ കരാറുകാരുമായുള്ള പ്രശ്നമാണ് വിത്ത് ക്ഷാമത്തിന് കാരണമെന്ന് പറയുന്നു. പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വിത്തുക്ഷാമം രൂക്ഷമാണ്. ഉത്പാദിപ്പിച്ച വിത്ത് സംഭരിക്കാത്തതിനാൽ വിത്തു കർഷകർക്കും പ്രശ്നമുണ്ട്.

 'മുപ്പതിൽ മൂന്ന് കിലോയും പതിര്'

കുഴൽമന്ദം കൃഷിഭവനിലൂടെ ഐശ്വര്യ പാടശേഖരത്തിൽ വിതരണം ചെയ്ത നാഷണൽ സീഡ് കോർപറേഷന്റെ നെൽവിത്തിന്റെ 30 കിലോ ചാക്കിൽ മൂന്നുകിലോയും പതിരായിരുന്നുവെന്ന് കർഷകൻ. വിത്ത് മുളപ്പിക്കാനായി വെള്ളത്തിൽ ഇട്ടപ്പോൾ പൊങ്ങിവന്ന പതിര് എടുത്ത് തൂക്കിയപ്പോൾ മൂന്ന് കിലോഗ്രാം ഉണ്ടായിരുന്നതായി പാടശേഖരസമിതി ഭാരവാഹി പറയുന്നു. പ്രതിഷേധ സൂചകമായി പതിര് പാക്കറ്റിലാക്കി കൃഷിഭവനിൽ തിരിച്ചേൽപ്പിച്ചു.

ചുവന്ന മട്ടനെല്ലിൽ വെള്ള നെല്ലിന്റെ കലർപ്പ് 20 ശതമാനത്തിലും കൂടുതലായതിനാൽ പാലക്കാട് ജില്ലയിൽ 17 ഇടത്ത് സപ്ലൈകോയ്ക്ക് അളക്കാൻ കർഷകർ തയ്യാറാക്കിവെച്ച നെല്ല് സംഭരണ ചുമതലയുള്ള മില്ലുകൾ നിരസിച്ചിരുന്നു. ഏക്കറിന് 2,000 കിലോഗ്രാം വരെ വിളവ് ലഭിക്കേണ്ട സ്ഥാനത്ത് വിത്തിന്റെ ഗുണനിലവാരക്കുറവിനൊപ്പം കാലാവസ്ഥാ വ്യതിയാനംകൂടി വന്നതോടെ 1,200-1500 കിലോഗ്രാം വരെയേ കിട്ടിയുള്ളൂവെന്ന് കർഷകർ പറയുന്നു.