ധനലക്ഷ്മി ബാങ്കിന് 23.20 കോടി രൂപ അറ്റാദായം
തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്‌മി ബാങ്കിന്റെ അറ്റാദായം 23.20 കോടി രൂപയായി. 28.19 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവർത്തന ലാഭം. സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ ആകെ ലാഭം 35.38 കോടി രൂപയാണ്. മൊത്തം വരുമാനത്തിൽ മുൻ ത്രൈമാസത്തേക്കാൾ 9.86 ശതമാനം ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 16.66 ശതമാനം വളർച്ചയുണ്ട്. മൊത്തം ബിസിനസ് 17.53 ശതമാനം വാർഷിക വളർച്ചയോടെ 25650 കോടി രൂപയിൽ നിന്നും 30146 കോടി രൂപയായി. മൊത്തം നിക്ഷേപം 16.9 ശതമാനം ഉയർന്ന് 17,105 കോടി രൂപയായി. റീറ്റെയ്ൽ നിക്ഷേപങ്ങൾ 12.32 ശതമാനം ഉയർന്നു. മൊത്തം നിക്ഷേപത്തിന്റെ 28.87 ശതമാനം കറന്റ്, സേവിംസ് ബാങ്ക് നിക്ഷേപമാണ്. മൊത്തം വായ്പയിൽ 18.36 ശതമാനം വർദ്ധനയുണ്ട്. സ്വർണ്ണ പണയ വായ്പ 31.84 ശതമാനം വാർഷിക വളർച്ചയോടെ 3373 കോടി രൂപയിൽ നിന്നും 4447 കോടി രൂപയായി. ബാങ്ക് കൈവരിച്ച വളർച്ച വളരെ ആത്മവിശ്വാസം പകരുന്നതും ദീർഘകാല ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതാണെന്നും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ. അജിത് കുമാർ പറഞ്ഞു.