ഇന്ത്യ ലോകകപ്പ് ഫൈനലില്‍, നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്; താരമായി ജെമീമ റോഡ്രിഗ്‌സ്

Thursday 30 October 2025 10:42 PM IST

നവി മുംബയ്: വനിതാ ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. ഓസീസ് ഉയര്‍ത്തിയ 339 റണ്‍സെന്ന റെക്കോഡ് റണ്‍ചേസ് നടത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗ്‌സ്, അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിച്ചുവെന്ന നേട്ടത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍ ഷെഫാലി വര്‍മ്മ 10(5) ആണ് ആദ്യം പുറത്തായത്. 24 റണ്‍സ് നേടിയ സ്മൃതി മന്ദാന 10ാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 59ന് രണ്ട്. മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗ്‌സ് - ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകി. 36ാം ഓവറില്‍ ഈ സഖ്യം പിരിയുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 226. പിന്നീട് വന്ന ദീപ്ത് ശര്‍മ്മ 24(17), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 26(16) എന്നിവര്‍ തങ്ങളുടെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ ഇന്ത്യ ജയത്തിന് തൊട്ടരികില്‍ എത്തിയിരുന്നു.

ദീപ്തി ശര്‍മ്മയും റിച്ച ഘോഷും പുറത്തായെങ്കിലും ഒരു വശത്ത് ജെമീമ റോഡ്രിഗ്‌സ് നിലയുറപ്പിച്ചത് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴാമതായി ക്രീസിലെത്തിയത് ഓള്‍റൗണ്ടര്‍ അമന്‍ജോത് കൗര്‍. അവസാന മൂന്ന് ഓവറുകളില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 23 റണ്‍സ്. അനബെല്‍ സതര്‍ലാന്‍ഡ് എറിഞ്ഞ 48ാം ഓവറില്‍ 15 റണ്‍സ് വന്നതോടെ ഇന്ത്യന്‍ ജയം ഉറപ്പിക്കുകയായിരുന്നു. 134 പന്തുകളില്‍ നിന്ന് 127 റണ്‍സ് നേടി പുറത്താകാതെ നിന്ന് ജെമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പ്പി. അമന്‍ജോത് കൗര്‍ 15*(8) റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49. 5 ഓവറില്‍ 338 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ്, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ എലീസ് പെറി, ആഷ്ലി ഗാര്‍ഡിനര്‍ എന്നിവരാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അലീസ ഹീലി 5(15) ക്രാന്തി ഗൗഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. എന്നാല്‍ കണ്ടാം വിക്കറ്റില്‍ ഫീബി ലിച്ച് ഫീല്‍ഡ് 119(93) എലീസ് പെറി 77(88) എന്നിവര്‍ ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത് 155 റണ്‍സ്. അമന്‍ജോത് കൗറിന്റെ പന്തില്‍ ലിച്ച്ഫീല്‍ഡ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് വന്ന ബെത്ത് മൂണി 24(22), അനബെല്‍ സതര്‍ലാന്‍ഡ് 3(6) എന്നിവരും എലീസ് പെറിയും വീണതോടെ സ്‌കോര്‍ 243ന് അഞ്ച്.

താഹ്ലിയ മഗ്രാത് 12(7), ആഷ്ലി ഗാര്‍ഡിനര്‍ 63(45), അലാന കിംഗ് 4(4), സോഫി മൊളീനക്സ് 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.