ഓപ്പറേഷൻ സൈ-ഹണ്ട്: 44 പേർ കസ്റ്റഡിയിൽ
കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് പണം കൈമാറ്റം ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ സൈ-ഹണ്ട് എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് 44 പേരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിൽ വലിയ തുകകൾ എത്തിയ ബാങ്ക് അക്കൗണ്ട് ഉടമസ്ഥന്മാരെ കേന്ദ്രീകരിച്ചു സിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലുമായി പരിശോധന പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ചെക്ക് ബുക്കുകളും എ.ടി.എം കാർഡുകളും പിടിച്ചെടുത്തു. ഇത്തരത്തിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും കൂടുതൽ പരിശോധനകൾ നടന്നു വരുകയാണ്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും പിന്നീട് വിദേശത്തേക്ക് കടന്ന് കളയുകയും ചെയ്ത കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. സിറ്റിയിലെ മൂന്നു സബ് ഡിവിഷനുകളിലായി 79 ഓളം സ്ഥലങ്ങളിലായാണ് പരിശോധനകൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനകം 50 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു.