റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം : തിരുവല്ല മുന്നിൽ 

Friday 31 October 2025 12:10 AM IST

തിരുവല്ല : റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ കോന്നിയെ പിന്തള്ളി തിരുവല്ല ഉപജില്ല മുന്നിലെത്തി. ഐ.ടിമേള മാത്രം ബാക്കി നിൽക്കെ 1308 പോയിന്റുമായാണ് തിരുവല്ലയുടെ മുന്നേറ്റം. 1193 പോയിന്റുമായി പത്തനംതിട്ട ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോന്നി ഉപജില്ല 1150 പോയിന്റുമായി മൂന്നാമതെത്തി. അടൂർ - 962 ,റാന്നി - 893 , മല്ലപ്പള്ളി - 882 , പന്തളം - 712 , കോഴഞ്ചേരി - 680 , വെണ്ണിക്കുളം - 644 ,പുല്ലാട് - 559 , ആറന്മുള - 492 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവർത്തി പരിചയമേള എന്നീ മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. ഇന്നും നാളെയും ഐ.ടിമേള നടക്കും.

സ്‌കൂളുകളിൽ കോന്നി ഗവ.എച്ച്.എസ്.എസ് മുന്നിൽ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രമേള രണ്ടുദിവസം പിന്നിടുമ്പോൾ സ്‌കൂളുകളിൽ കോന്നി ഗവ.എച്ച്.എസ്.എസ് 395 പോയിന്റ് നേടി മുന്നേറ്റം തുടരുകയാണ്. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളാണ് 364 പോയിന്റുമായി രണ്ടാമത്. തിരുവല്ല എം.ജി.എം സ്‌കൂളാണ് 346 പോയിന്റ് നേടി മൂന്നാമതെത്തിയത്. 153 സ്‌കൂളുകൾ പോയിന്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.