ശബരിമല സ്വർണക്കൊള്ള ബോർഡിന്റെ പങ്ക് തേടി എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് അന്വേഷണം തിരിയുന്നു. 2019 മുതൽ ഇതുവരെയുള്ള ബോർഡ് അംഗങ്ങൾ, പ്രസിഡന്റുമാർ എന്നിവരുടെ പങ്കിനെക്കുറിച്ചാണ് അന്വേഷണം. ഇപ്പോഴത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ പ്രസിഡന്റ് എ. പദ്മകുമാർ എന്നിവർ അന്വേഷണ പരിധിയിലുണ്ടെന്നാണ് അറിയുന്നത്.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരിൽ നിന്ന് ബോർഡിന്റെ പങ്കിനെക്കുറിച്ച് എസ്.ഐ.ടിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കൊള്ള കേസിൽ ബോർഡിനെ പ്രതിയാക്കിയിട്ടുണ്ട്. ആദ്യ കേസിൽ റിമാൻഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ബോർഡ് യോഗങ്ങളുടെ മിനുട്ട്സ് അടക്കം പരിശോധിക്കുകയാണ്. മുരാരി ബാബുവിനെ എസ്.ഐ.ടി ചോദ്യം ചെയ്യുകയാണ്. പോറ്റിക്ക് അനുകൂലമായ നിലപാട് ബോർഡ് സ്വീകരിച്ചതിനുള്ള തെളിവുകളും കണ്ടെത്തണം. 2019ന് സമാനമായി 2025ലും പോറ്റിയെത്തന്നെ സ്വർണം പൂശാൻ ചുമതലപ്പെടുത്തിയതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നാണ് നിർദ്ദേശം.
രേഖകൾ കൈമാറാൻ
ഇനി സാവകാശമില്ല
സ്വർണപ്പാളി ഇടപാടിലെ മുഴുവൻ രേഖകളും ഉടൻ നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡിനെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. 1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും കിട്ടാനുള്ളത്. മരാമത്ത് വകുപ്പിന്റെ രേഖകളും കിട്ടാനുണ്ട്. രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ബോർഡ് പറയുന്നത്. ഇനി സാവകാശം നൽകാൻ ആകില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
പോറ്റി റിമാൻഡിൽ
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നവംബർ മൂന്ന് വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം സബ് ജയിലിലാണ് പോറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിലോ പെരുമാറ്റത്തിലോ പരാതികളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പോറ്റിയുടെ മറുപടി. അപസ്മാരമുണ്ടെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. ഇതിനുള്ള ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം ബോധിപ്പിച്ചു. രണ്ടാം പ്രതിയായ മുരാരി ബാബിവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.