ചൂരൽ കൊട്ട നിർമ്മാണം മുടങ്ങി,  മുറിവേറ്റ വിരലുകളുമായി അക്ഷയ് മടങ്ങി

Friday 31 October 2025 12:17 AM IST

തിരുവല്ല: ചൂരൽ കൊട്ട നിർമ്മാണത്തിനിടയിൽ മത്സരാർത്ഥിയുടെ വിരലിന് മുറിവേറ്റു. ഇന്നലെ ബാലികാമഠം സ്‌കൂളിൽ നടന്ന പ്രവർത്തി പരിചയമേളയിലാണ് ഹൈസ്കൂൾ വിഭാഗം ചൂരൽ കൊട്ട നിർമ്മാണത്തിനിടെ കോന്നി എലിമുള്ളുംപ്ലാക്കൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എസ്.അക്ഷയുടെ കൈവിരലുകൾക്ക് മുറിവേറ്റത്. രാവിലെ 10.3നാണ് സംഭവം. കൊട്ട നിർമ്മിക്കാനായി അക്ഷയ് കത്തി ഉപയോഗിച്ച് ചൂരൽ മുറിക്കുന്നതിനിടയിൽ ഇടതുകൈയിലെ രണ്ട് വിരലുകൾ സാരമായി മുറിഞ്ഞു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് വിരലിൽ രണ്ട് തുന്നലിട്ട ശേഷം വീണ്ടും മേളയിൽ പങ്കെടുത്തെങ്കിലും കൈയുടെ വേദനമൂലം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതെ അക്ഷയ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മത്സരം നടക്കുന്ന സ്‌കൂളിൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാതിരുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ചികിത്സ നൽകിയത്.