പ്രതിരോധം ഫലപ്രദമല്ലേ? പിടിമുറുക്കി എലിപ്പനി, 10 മാസം, 314 മരണം, രോഗബാധിതർ 4688

Friday 31 October 2025 1:20 AM IST

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ഭീതി പരത്തുന്നതിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണവും അതുമൂലമുള്ള മരണവും കൂടുന്നു. പത്തു മാസത്തിനിടെ രോഗബാധിതരായത് 4,​688 പേർക്ക്. 314 പേർക്ക് ജീവൻ നഷ്ടമായി. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. എലിപ്പനിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു.

സംസ്ഥാനത്ത് പ്രതിമാസം ശരാശരി 30 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു. ഈ വർഷം മരിച്ച 314ൽ 176 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 138 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയായിരുന്നു. മണ്ണിലുള്ളതും എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്‌റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണമാകുന്നത്.

മലിനജലത്തിൽ ഇറങ്ങുന്നവരും വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി നോക്കുന്നവരും ഷൂസും കൈയുറയും ധരിച്ചാൽ എലിപ്പനി പ്രതിരോധിക്കാം. നനഞ്ഞ മണ്ണിൽ ചെരുപ്പിടാതെ നടക്കരുത്. കാലിലെ വിണ്ടുകീറലുകൾ, ചെറിയ മുറിവുകൾ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്.

ശക്തമായ തലവേദന,​ പനി

1. ശക്തമായ തലവേദനയും ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം,​ പേശി വേദന,​ നടുവേദന,​ വയറിളക്കം എന്നിവയും ലക്ഷണങ്ങൾ

2. പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാം. മൂന്നു ദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ ആശുപത്രിയിലെത്തി എലിപ്പനിയല്ലെന്ന് ഉറപ്പാക്കണം

ഡോക്‌സിസൈക്ലിൻ

പ്രതിരോധം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം മലിനജലത്തിൽ ഇറങ്ങുന്നവരടക്കം ആഴ്ചയിലൊരിക്കൽ ഡോക്സി സൈക്ലിൻ ഗുളിക 200 മില്ലി ആഹാരം കഴിച്ചതിനു ശേഷം കഴിക്കുക. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാം.

'' ചികിത്സിച്ച് മാറ്റാൻ കഴിയാമായിരുന്നിട്ടും എലിപ്പനി ബാധിച്ച് ഇത്രയധികം പേർ മരിക്കുന്നത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിന് ചേർന്നതല്ല. പുറത്തിറങ്ങുമ്പോൾ പാദരക്ഷ നിർബന്ധമായും ഉപയോഗിക്കണം. മലിനജലത്തിൽ പതിവായി ഇറങ്ങുന്നവർ പ്രതിരോധ ഗുളിക കഴിക്കണം

-ഡോ.രാജീവ് ജയദേവൻ,​ കൺവീനർ,

റിസർച്ച് സെൽ, ഇന്ത്യൻ മെഡിക്കൽ അസോ.