ചക്കുളത്തുകാവ് പൊങ്കാല ഡിസം. 4ന്

Friday 31 October 2025 12:21 AM IST

തിരുവനന്തപുരം: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ നാലിന്. കാർത്തികസ്തംഭം ഉയർത്തൽ നവംബർ 23ന് നടക്കും. 4ന് രാവിലെ 9ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയെ തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടി വിളക്കിലേക്ക് ദീപം പകരും. നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരും. തുടർന്ന് നടക്കുന്ന സംഗമം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഭദ്രദീപ പ്രകാശനം നടത്തും. 11ന് ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി,ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭ്യമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.

വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തോമസ്. കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സരേഷ് എം.പി വിശിഷ്ടാതിഥിയാരിക്കും. എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ,നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹി എന്നിവർ മുഖ്യസന്ദേശവും,മുഖ്യ കാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നിർവഹിക്കും.

വൈകിട്ട് 6.30ന് ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിച്ചതിനു ശേഷം പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കും. ഭക്തർക്കായി കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസ് നടത്തും. ക്ഷേത്ര മനേജിംഗ് ട്രസ്റ്റിയും ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ മണിക്കുട്ടൻ നമ്പൂതിരി,ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി,രഞ്ജിത് ബി. നമ്പൂതിരി,മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു