വേടന് വിദേശ പര്യടനമാകാം
Friday 31 October 2025 12:25 AM IST
കൊച്ചി: റാപ് ഗായകൻ വേടന് വിദേശ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ വഴിയൊരുങ്ങി. വിദേശ പര്യടനത്തിന്റെ വിശദാംശം ഹർജിക്കാരൻ പൊലീസിന് കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ വേടന് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിലെ രണ്ട് ഉപാധികൾ ഹൈക്കോടതി ഒഴിവാക്കി. കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥകളാണിവ. ജസ്റ്റിസ് സി. പ്രതീപ്‌കുമാറിന്റേതാണ് ഉത്തരവ്.
സംഗീതപരിപാടികളാണ് ജീവിതമാർഗമെന്ന് വേടന്റെ ഹർജിയിൽ പറഞ്ഞിരുന്നു. നവംബർ 23 മുതൽ ഡിസംബർ 20വരെ വിദേശത്ത് പരിപാടികളുണ്ടെന്നും അറിയിച്ചിരുന്നു. ദളിത് സംഗീതത്തിൽ ഗവേഷണത്തിന്റെ ഭാഗമായി കാണാനെത്തിയ യുവതിയെ കൊച്ചിയിലെ അപാർട്ട്മെന്റിൽ വച്ച് കടന്നുപിടിച്ചെന്നാണ് വേടനെതിരായ കേസ്.