സർക്കാർ ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളം: മന്ത്രി ബാലഗോപാൽ

Friday 31 October 2025 12:28 AM IST

തിരുവനന്തപുരം: എല്ലാവർക്കും താമസസൗകര്യമൊരുക്കുന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെയുള്ള എല്ലാജനകീയ പദ്ധതികളും സർക്കാരിന്റെ അടിസ്ഥാനനയത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ഭാഗ്യക്കുറിയിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് സർക്കാർ തൊഴിൽ നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലാണ് കേരളത്തിൽ ഇത് പ്രവർത്തിക്കുന്നത്. ഇത് സംസ്ഥാന ലോട്ടറിക്ക് വലിയ വിശ്വാസ്യത നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

ഭവനരഹിതരായ 160ക്ഷേമനിധി അംഗങ്ങൾക്കാണ് ബോർഡിന്റെ സൗജന്യ ഭവന നിർമ്മാണ പദ്ധതിയിലൂടെ വീട് ലഭിക്കുന്നത്. 2021ലെ ലൈഫ് വിഷുബമ്പർ ഭാഗ്യക്കുറിയുടെ ലാഭവിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വീടിനും 5,92,000 രൂപാവീതം ആകെ 9.47 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

പാലക്കാട് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ ചെയർപേഴ്സൺമാരായ പി.ആർ.ജയപ്രകാശ്, ബാബുജോസഫ്, എം.വി.ജയരാജൻ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ടി.ബി.സുബൈർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മിഥുൻ പ്രേംരാജ്,​ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ.ജി.സിന്ധു എന്നിവർ സംസാരിച്ചു.