എം.എ. ബേബിയെ പ്രശംസിച്ച് സി.പി.ഐ മുഖപത്രം

Friday 31 October 2025 12:32 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി വിഷയത്തിൽ ഇടതു മുന്നണിയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ ഇടപെടൽ എടുത്തു പറഞ്ഞ് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. 'പുത്തൻ വിദ്യാഭ്യാസ നയവും പി.എം ശ്രീയും-ഇടതുപക്ഷ സമീപനം" എന്ന തലക്കെട്ടിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ്ബാബു എഴുതിയ ലേഖനത്തിൽ, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിമർശിക്കുന്നുമുണ്ട്. കേന്ദ്രാനുകൂലികളായ ചില ഉന്നത ഉദ്യോഗസ്ഥർ തന്ത്രപരമായ വാദഗതികളിൽക്കൂടി ഈ പദ്ധതി പല സംസ്ഥാനത്തിലും നടപ്പിലാക്കാൻ ശ്രമിക്കുകയുണ്ടായി എന്നാണ് വിമർശനം.

ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന,ദേശീയ നേതൃത്വങ്ങൾ സജീവമായി ഈ വിഷയത്തിൽ ഇടപെടുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയും ചെയ്തു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കേരളത്തിൽ ക്യാമ്പു ചെയ്തുകൊണ്ട്, സി.പി.ഐ, സി.പി.എം സംസ്ഥാന സെക്രട്ടറിമാരുമായും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുമായും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.