'ഓരോ വീട്ടിലും എല്ലാ മാസവും 7000 രൂപവരെ കിട്ടും, കുടുംബ ബഡ്ജറ്റിലും മാറ്റം വരും'
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ക്ഷേമപദ്ധതികളുടെ ഭാഗമായി ഓരോ വീട്ടിലും 7000 രൂപ വരെ കിട്ടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ പ്രതിപക്ഷത്തിന് ഒരു സംശയവും വേണ്ടെന്നും നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങളാണ് എൽഡിഎഫ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾക്കായി ഈ വർഷം 10,000 കോടി രൂപ അധികം വേണ്ടിവരും. സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായ് 3800 കോടി, സാമൂഹ്യസുരക്ഷാ പെൻഷൻ വർദ്ധനയ്ക്ക് 2800 കോടി, യുവതലമുറയ്ക്ക് കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിന് 600 കോടി എന്നിവയും ചേർത്താണ് 10,000 കോടി വേണ്ടിവരുക. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. എന്നാൽ എൽഡിഎഫിന് ചെയ്യാൻ കഴിയുന്നത് മാത്രമേ പറയാറുള്ളു. പറയുന്നതെല്ലാം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മൂന്ന് തലമുറയിൽപ്പെട്ടവർക്കും സർക്കാരിന്റെ ക്ഷേമ പരിപാടികൾ നേരിട്ടെത്തുകയാണ്.മുത്തശ്ശനും മുത്തശ്ശിയ്ക്കും 2000 രൂപ ക്ഷേമപെൻഷൻ, അമ്മയ്ക്ക് 1000 രൂപ സ്ത്രീസുരക്ഷാ പെൻഷൻ, മക്കൾക്ക് 1000 രൂപവീതം സ്‌കോളർഷിപ്പ്. ഇതെല്ലാം ചേർത്ത് ഒരു വീട്ടിൽ ആറായിരമോ ഏഴായിരമോ എത്തുമെന്നും കുടുംബ ബഡ്ജറ്റിലും മാറ്റങ്ങളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ നികുതിവിഹിതവും കടമെടുപ്പ് പരിധിയും കേന്ദ്രം വെട്ടിക്കുറച്ചു. ഇതിലൂടെ ഓരോ വർഷവും കേരളത്തിന് ലഭിക്കേണ്ട 50,000 കോടി രൂപയെങ്കിലും നിഷേധിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.