ചീനിക്കുഴി കൂട്ടക്കൊല : കൊടുംക്രൂരന് വധശിക്ഷ

Friday 31 October 2025 12:47 AM IST

തൊടുപുഴ: ഉടുമ്പന്നൂർ ചീനിക്കുഴിയിൽ മകനെയും മരുമകളെയും രണ്ടു പേരക്കുട്ടികളെയും മുറിയിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദിന് (82) വധശിക്ഷ. ആറു ലക്ഷം രൂപ പിഴയുമൊടുക്കണം. തൊടുപുഴ ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ആഷ് കെ.ബാൽ ആണ് ശിക്ഷ വിധിച്ചത്.

മുട്ടം ജില്ലാ ജയിലിലുള്ള പ്രതിയെ ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

കൊലക്കുറ്റത്തിന് വധശിക്ഷയും നാലു ലക്ഷം രൂപ പിഴയും വീട് കത്തിച്ചതിന് 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന്റെ അവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു, 50), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്‌ന (13) എന്നിവരെയാണ് ഹമീദ് ചുട്ടുകൊന്നത്.

2022 മാർച്ച് 18ന് അർദ്ധരാത്രിയിലായിരുന്നു സംഭവം. പ്രതിയും മകനും കുടുംബവും ചീനിക്കുഴി സിറ്റിക്ക് സമീപമുള്ള ആലിയക്കുന്നേൽ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഇവർ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പ്രതി വീട്ടിലെ കിടപ്പുമുറിയുടെ വാതിൽ പുറത്തു നിന്ന് ബന്ധിച്ചശേഷം ജനാലവഴി പെട്രോൾ ഒഴിച്ച് തീകൊളുത്തി നാലുപേരെയും കൊലപ്പെടുത്തുകയായിരുന്നു.

തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന എ.ജി. ലാലിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. സുനിൽ മഹേശ്വരൻ പിള്ള ഹാജരായി.

ശുദ്ധജല കണക്‌ഷൻ

വിച്ഛേദിച്ച് ക്രൂരത

വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ശുദ്ധജല കണക്‌ഷൻ വിച്ഛേദിച്ച ശേഷമാണ് മകനും കുടുംബവും കിടന്ന മുറിയിലേക്ക് പ്രതി പെട്രോളൊഴിച്ച് തീകൊളുത്തിയത്. മുറിക്കുള്ളിൽ തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ടോയ്ലെറ്റിൽ കയറി കതകടച്ചു. ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് ഹമീദ് ഇവിടേക്കും എറിഞ്ഞു. മുറി പുറത്തുനിന്ന് പൂട്ടിയതിനാൽ പുറത്തിറങ്ങാനാകാതെ നാലുപേരും വെന്തു മരിച്ചു.